| Wednesday, 16th December 2020, 8:28 am

നൈജീരിയയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ബൊക്കോ ഹറാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കങ്കാര, നൈജീരിയ: നൈജീരിയിലെ സ്‌കൂളില്‍ നിന്നും ആയുധധാരികളെത്തി നൂറു കണക്കിന് ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ തങ്ങളാണെന്ന് ബൊക്കോ ഹറാം. ബൊക്കോ ഹറാമിന്റെ നേതാവിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരിക്കുന്നത്.

‘ഞാന്‍ അബൂബക്കര്‍ ഷേക്കു, കാറ്റ്‌സിനിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഞാനും എന്റെ സഹോദരന്മാരുമാണ്’ എന്നാണ് ഈ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

കാറ്റ്‌സിന സംസ്ഥാനത്തിലെ കങ്കാരയിലെ ആള്‍-ബോയ്‌സ് ഗവണ്‍മെന്റ് സയന്‍സ് സെക്കണ്ടറി സകൂളിലാണ് കഴിഞ്ഞ ദിവസം തോക്കുധാരികളായി ഒരു കൂട്ടം ആളുകളെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 333 വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ എണ്ണം ഇപ്പോഴും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബൊക്കോ ഹറാം രംഗത്തെത്തിയിട്ടുണ്ടെങ്കിലും വേറെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. കുട്ടികളുടെ വീഡിയോ സന്ദേശം ഇവര്‍ നല്‍കിയിട്ടില്ല.

ബൊക്കോ ഹറാമിന്റെ സന്ദേശത്തിനോട് നൈജീരിയന്‍ സര്‍ക്കാര്‍ ആദ്യം പ്രതികരിച്ചിരുന്നില്ല. പിന്നീട് ബൊക്കോ ഹറാം തങ്ങളെ ബന്ധപ്പെട്ടതായി കാറ്റ്‌സിന ഗവര്‍ണര്‍ അമിനോ ബെല്ലോ മസാരി അറിയിച്ചു. ‘അവര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. ചര്‍ച്ചകള്‍ നടന്നുവരികയാണ്.’ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. അതേസമയം ബൊക്കോ ഹറാമിന്റെ പേര് എവിടെയും പരാമര്‍ശിക്കാതെയാണ് ഗവര്‍ണറുടെ ട്വീറ്റ്.

കുട്ടികളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. #Bringbackourboys എന്ന ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്.

ബൊക്കോ ഹറാമും ഇതില്‍ നിന്നും പിളര്‍ന്ന് രൂപീകരിച്ച ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന ഗ്രൂപ്പും നൈജീരിയിലെ വടക്കന്‍ പ്രദേശങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കാമറൂണിലും ഇവര്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ‘പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമാണ്’ എന്നാണ് ഹൗസ ഭാഷയില്‍ ബൊക്കോ ഹറാം എന്ന വാക്കുകളുടെ അര്‍ത്ഥം.

2014ല്‍ ചിബോക്കില്‍ നിന്നും നൂറുകണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതും ബൊക്കോ ഹറാമായിരുന്നു. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ നൈജീരിയയില്‍ കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തിന് പിന്നിലും ബൊക്കൊ ഹറാമായികുന്നു.

പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. നൂറിലേറെ പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Boko Haram is behind School boys kidnapping in Nigeria

We use cookies to give you the best possible experience. Learn more