| Wednesday, 6th May 2020, 9:46 pm

"ഇവളെയൊക്കെ ഗാങ് റേപ്പ് ചെയ്യണം, വിളിച്ചാല്‍ മതി ഞാന്‍ കൂട്ടുകാരുമായി വരാം" 'ബോയ്‌സ് ലോക്കര്‍ റൂമില്‍' നടക്കുന്നത്

അന്ന കീർത്തി ജോർജ്

‘ഇവളെയൊക്കെ ഗാങ് റേപ്പ് ചെയ്യണം, നീ ഒന്നു പറഞ്ഞാല്‍ മതി ഞാനും കൂട്ടുകാരും എത്തും. ഇവളെയൊക്കെ റേപ്പ് ചെയ്യാന്‍ ഒരു പ്രയാസവുമില്ലെടോ’

കഴിഞ്ഞ ദിവസം മുതല്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ബോയ്‌സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റഗ്രാമിലെ ഒരു ആണ്‍കുട്ടികളുടെ ചാറ്റ് ഗ്രൂപ്പിലെ സംഭാഷണത്തിലെ ഭാഗങ്ങളാണിത്. 16ഉം 17ഉം വയസ്സുള്ള നൂറിലേറെ ആണ്‍കുട്ടികള്‍ അംഗങ്ങളായുള്ള ഗ്രൂപ്പില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കുകയും പീഡനത്തിനും ബലാംത്സംഗത്തിനും പ്രേരിപ്പിക്കുന്ന തരത്തില്‍ സംസാരവും നടക്കുകയായിരുന്നു. ഗ്രൂപ്പില്‍ അടുത്ത കാലത്തായി ജോയിന്‍ ചെയ്ത ഒരു വിദ്യാര്‍ത്ഥിയാണ് തന്റെ സുഹൃത്തുക്കളോട് വിഷയം പങ്കുവെച്ചത്. ഇവര്‍ വിഷയം വെളിച്ചത്തുക്കൊണ്ടുവരികയായിരുന്നു. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം ഒരു ട്വിറ്റര്‍ യൂസര്‍ പുറത്തുവിട്ടതോടെയാണ് വിഷയം വാര്‍ത്തയാകുന്നതും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് അനുസരിച്ച് ദല്‍ഹി പൊലീസ് കേസെടുക്കുന്നതും. പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്യുകയും 22 പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ കൂടി വൈറലായതോടെ ഇവരില്‍ മിക്കവരും ദല്‍ഹിയിലെ ഒരു പ്രമുഖ സ്‌കൂളില്‍ പഠിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മോര്‍ഫ് ചെയ്ത ഫോട്ടോകളും സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളുമായിരുന്നു ഈ ഗ്രൂപ്പില്‍ പ്രധാനമായും വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫോട്ടോകള്‍ക്ക് താഴെ തികച്ചും ഹീനമായ രീതിയിലുള്ള സ്ലട്ട് ഷേമിംഗും ബോഡി ഷേമിംഗും നടക്കുകയായിരുന്നും ചാറ്റില്‍ നിന്നും വ്യക്തമാകുന്നു. പീഡിപ്പിക്കാം, സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യാം എന്നീ കമന്റുകള്‍ നിരന്തരമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.


ട്വിറ്ററില്‍ ഗ്രൂപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെ ഗ്രൂപ്പിന്റെ പേര് മാറ്റി ബോയ്‌സ് ലോക്കര്‍ റൂം2.0 എന്നാക്കി മാറ്റിയിരുന്നു. ചിലര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതേസമയം സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടവര്‍ക്ക് നേരെ റേപ്പ് ത്രെറ്റുകളും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണികളുമാണ് ഈ ഗ്രൂപ്പില്‍ നിന്നും വന്നത്. മാത്രമല്ല സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന നിലയിലേക്കും കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോക്ക്ഡൗണ്‍ സമയത്ത് സൈബര്‍ സ്‌പേസുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറിവരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുന്നതിനെടിയിലാണ് ബോയ്‌സ് ലോക്കര്‍ റൂം വിഷയവും പുറത്തുവന്നിരിക്കുന്നത്.2019ലും സമാനമായ രീതിയില്‍ മുംബൈയിലെ പ്രമുഖ സ്‌കൂളിലെ കൗമാരക്കാരയ വിദ്യാര്‍ത്ഥികളുടെ വാട്‌സ്ഗ്രൂപ്പില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീലമായ കമന്റുകള്‍ വന്നിരുന്നു. അന്ന് 8 വിദ്യാര്‍ത്ഥികളെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. മുംബൈ മിററില്‍ വന്ന റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ചാറ്റിന്റെ ട്രാന്‍സ്‌ക്രിപ്റ്റില്‍ റേപ്പ്, ഗാങ് ബാങ് എന്നീ വാക്കുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നതായും സ്വവര്‍ഗാനുരാഗത്തെ നിന്ദ്യമാക്കി ചിത്രീകരിച്ചരിക്കുന്നതായും കണ്ടെത്തിയിരുന്നു. മാത്രമല്ല പെണ്‍കുട്ടികളെ തുടര്‍ച്ചയായി ‘ട്രാഷ്’ എന്നാണ് വിളിച്ചിരുന്നത്.

ബോയ്‌സ് ലോക്കര്‍ റൂം വാര്‍ത്തകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന റേപ്പ് കള്‍ച്ചറിനെക്കുറിച്ചും സ്ത്രീവിരുദ്ധതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടി വേദിയൊരുക്കിയിരിക്കുകയാണ്. കുട്ടികള്‍ പോലും പീഡനത്തെയും ബലാംത്സംഗത്തെയും കുറിച്ച് ഇത്തരത്തില്‍ ചിന്തിക്കുന്നത് ഏറെയൊന്നും ഞെട്ടിക്കുന്നില്ലെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന അപകടകരമായ പുരുഷസങ്കല്‍പങ്ങളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ വരുന്നതെന്നും നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്. ബോയ്‌സ് ലോക്കര്‍ റൂമില്‍ നടന്നത് സെക്ഷ്വല്‍ ഹരാസ്‌മെന്റ് തന്നെയാണെന്നും ഇതിനെ ന്യായീകരിക്കാനാവില്ലെന്നും ട്വീറ്റുകള്‍ വന്നിരുന്നു.


കുട്ടികളെ ഏറ്റവും വലിയ കുറ്റക്കാരായി ചിത്രീകരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടികളല്ല, മറിച്ച കൃത്യമായ അവബോധവും ശരിയായ ലൈംഗികവിദ്യാഭ്യാസവുമാണ് നല്‍കേണ്ടതെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍ അതേസമയം ‘ബോയ്‌സ് വില്‍ ബി ബോയ്‌സ്, ആണ്‍കുട്ടികളല്ലേ ചില്ലറ കളികള്‍ കാണില്ലേ, പീഡിപ്പിച്ചൊന്നും ഇല്ലല്ലോ, ഇത്തരം സംസാരങ്ങള്‍ പതിവല്ലേ, പ്രൈവറ്റ് ഗ്രൂപ്പിലല്ലേ, ഇവരുടെ ജീവിതം തകര്‍ന്നുപോകില്ലേ’ എന്നീ തരത്തിലുള്ള കമന്റുകളും ഗ്രൂപ്പിലെ ആണ്‍കുട്ടികളെ പിന്തുണച്ചുക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതിന് മറുപടിയായി റേപ്പ് കള്‍ച്ചര്‍ അഥവാ പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും എങ്ങിനെയാണ് നോര്‍മലൈസ് ചെയ്യപ്പെടുന്നതും അത് എത്തരത്തിലാണ് വലിയ അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.റേപ് കള്‍ച്ചറിനെക്കുറിച്ചുള്ള കൃത്യമായ വിവരണങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള കമന്റുകളില്‍ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നും പിന്നീടാണ് ഇത് അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും അല്ലാതെ ഒറ്റ ദിവസത്തിനുള്ളില്‍ പെട്ടെന്നുണ്ടാകുന്നതല്ല സ്ത്രീകള്‍ക്കെതിരെയുള്ള ഒരു അക്രമമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് ജയിലിലടച്ച ജാമിഅ ഗവേഷണ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിനെതിരെ നടക്കുന്ന ഓണ്‍ലൈന്‍ അക്രമങ്ങളും അപവാദപ്രചാരണങ്ങളും ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം ദുഷ്പ്രചരണങ്ങളും ക്രൂരമായ ലൈംഗിക അധിക്ഷേപങ്ങളും പതിവാകുന്ന ഒരു സമൂഹത്തില്‍, കുട്ടികളില്‍ നിന്ന് മാത്രം വ്യത്യസ്തമായ ചിന്തയും പ്രവര്‍ത്തികളും പ്രതീക്ഷിക്കാനാവില്ലെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നു.


അതോടൊപ്പം തന്നെ തനിക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തുറന്നുപറയുന്നവര്‍ നേരിടുന്ന മാനസികസംഘര്‍ഷങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. താനെന്തെങ്കിലും തുറന്നുപറഞ്ഞാല്‍ അയാള്‍ തന്നെ പിന്തുടര്‍ന്ന് വന്നാലോ, ആസിഡ് ആക്രമണം നടത്തിയാലോ, എന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ചാലോ, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്താലോ തുടങ്ങി ഒട്ടേറെ ഭയങ്ങള്‍ അനുഭവിച്ചുക്കൊണ്ട് തന്നെയാണ് തങ്ങള്‍ ഇത് തുറന്നുപറയാന്‍ തയ്യാറാകുന്നതെന്നും പലരും തുറന്നുപറയുന്നു.
ബോയ്സ് ലോക്കര്‍ റൂമിനെ ഒന്നോ രണ്ടോ ദിവസം മാത്രം നിലനില്‍ക്കുന്ന ചൂടുള്ള ചര്‍ച്ചയായോ, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വാഗ്വാദമായോ മാത്രം നിറുത്താതെ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് കൂടി വഴിവെക്കേണ്ടതുണ്ട്. മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ചര്‍ച്ചകളിലേക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.