കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് നടന്ന മൂന്നിടത്തു കൂടി റീപോളിങ്. ധര്‍മ്മടത്ത് രണ്ടു ബൂത്തുകളിലും തൃക്കരിപ്പൂരില്‍ ഒടിടത്തുമാണ് റീ പോളിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട്ടെയും കണ്ണൂരിലെയും നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിട്ടിരുന്നു. ഞായറാഴ്ച തന്നെ ധര്‍മ്മടമുള്‍പ്പെടെയുള്ള ഇടത്തും റീ പോളിങ് നടക്കും.
കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്.എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും.
ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.