| Saturday, 4th May 2019, 10:19 pm

കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്; തെളിവുകള്‍ കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 199 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വിവരങ്ങളാണ് പരാതിയിലുള്ളത്. കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയാണ് വിവരങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുള്ളത്.
 
പട്ടികയിലുള്ള വോട്ടറുടെ പേരും ക്രമനമ്പറും ആ പേരില്‍ കള്ളവോട്ട് ചെയ്ത കള്ളവോട്ടുചെയ്ത ആളുടെ പേരും ക്രമനമ്പറും ബൂത്തും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കൈമാറിയത്. ധര്‍മ്മടത്ത് ഒരു കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യവും കൈമാറിയിട്ടുണ്ട്.
 
കള്ളവോട്ട് ചെയ്തവരില്‍ 40 സ്ത്രീകളുണ്ടെന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് അച്ഛന്റെ വോട്ട് മകന് ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകള്‍ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരാണാധികാരി കൂടിയായ കളക്ടര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ വന്ന് വോട്ട് ചെയ്ത സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
 
പേരാവൂരില്‍ 35 പേര്‍ കള്ളവോട്ട് ചെയ്തു തളിപ്പറമ്പില്‍ 77 പേരാണ് കള്ളവോട്ട് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 11 സ്ത്രീകള്‍ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
 
അഞ്ച് വോട്ടുകള്‍ വരെ ചെയ്ത ആളുകളുടെ വിവരങ്ങള്‍ പരാതിയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിലുണ്ട്.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
 
 
 
 
 
 
 
 
 
 
 
We use cookies to give you the best possible experience. Learn more