കാസര്‍ഗോഡ്: കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പുതിയങ്ങാടിയിലെ 69, 70 നമ്പര്‍ ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സി.പി.ഐ.എമ്മാണു പരാതിപ്പെട്ടത്. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതമായിരുന്നു സി.പി.ഐ.എമ്മിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് ജില്ലാ കളക്ടര്‍ മൊഴിയെടുത്തിരുന്നു. ഇവര്‍ പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇവരെ നേരിട്ടു വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്നു വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തു.
നേരത്തേ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വിവരങ്ങളാണ് പരാതിയിലുള്ളത്. കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയാണ് വിവരങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുള്ളത്.
പട്ടികയിലുള്ള വോട്ടറുടെ പേരും ക്രമനമ്പറും ആ പേരില്‍ കള്ളവോട്ട് ചെയ്ത കള്ളവോട്ടുചെയ്ത ആളുടെ പേരും ക്രമനമ്പറും ബൂത്തും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കൈമാറിയത്. ധര്‍മ്മടത്ത് ഒരു കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യവും കൈമാറിയിട്ടുണ്ട്.
കള്ളവോട്ട് ചെയ്തവരില്‍ 40 സ്ത്രീകളുണ്ടെന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് അച്ഛന്റെ വോട്ട് മകന് ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകള്‍ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വരാണാധികാരി കൂടിയായ കളക്ടര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ വന്ന് വോട്ട് ചെയ്ത സംഭവവും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പേരാവൂരില്‍ 35 പേര്‍ കള്ളവോട്ട് ചെയ്തു തളിപ്പറമ്പില്‍ 77 പേരാണ് കള്ളവോട്ട് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരില്‍ 11 സ്ത്രീകള്‍ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
അഞ്ച് വോട്ടുകള്‍ വരെ ചെയ്ത ആളുകളുടെ വിവരങ്ങള്‍ പരാതിയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിലുണ്ട്.