ബോഫേഴ്‌സ് കേസ്; ഹര്‍ജിയുമായി സി.ബി.ഐ വീണ്ടും സുപ്രീം കോടതിയില്‍
National
ബോഫേഴ്‌സ് കേസ്; ഹര്‍ജിയുമായി സി.ബി.ഐ വീണ്ടും സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2018, 6:24 pm

ന്യൂദല്‍ഹി: ബോഫേഴ്‌സ് കേസ് റദ്ദാക്കിയ 2005ലെ ദല്‍ഹി ഹൈകോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍. 64 കോടിയുടെ ബോഫേഴ്‌സ് അഴിമതിക്ക് തെളിവില്ലെന്ന് കാണിച്ച് 12 വര്‍ഷം മുമ്പാണ് കേസ് റദ്ദാക്കി ദല്‍ഹി ഹൈകോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ താമസിച്ചുവെന്ന കാരണം കാട്ടി ഹരജി തള്ളിപ്പോകാനിടയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിയമോപദേശം നല്‍കിയെങ്കിലും സി.ബി.ഐ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. അജയ് കുമാര്‍ അഗര്‍വാള്‍ കഴിഞ്ഞ വര്‍ഷം ബൊഫേഴ്‌സ് കേസിലെ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഈ മാസം ആദ്യം അജയ് കുമാറിന്റെ അപ്പീല്‍ പരിഗണിക്കവെ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ കോടതി ചോദ്യം ചെയ്തിരുന്നു.

സി.ബി.ഐ പ്രോസിക്യൂട്ടര്‍ അപ്പീല്‍ നല്‍കാത്ത കേസ് എന്തിനാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്നും അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചിരുന്നു. സി.ബി.ഐയുടെ വൈകിയുള്ള അപ്പീലിനും ഇതേ ഗതിയായിരിക്കുമെന്നായിരുന്നു നിയമോപദേശം. എന്നാല്‍ നിര്‍ബന്ധപൂര്‍വം സി.ബി.ഐ അപ്പീല്‍ നല്‍കുകയായിരുന്നു.

സൈന്യത്തിനായി 1986 മാര്‍ച്ച് 24ന് സ്വീഡീഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്സില്‍ നിന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ 1437 കോടി രൂപ മുടക്കി 400 155 എം.എം പീരങ്കിതോക്കുകകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിതായി 1987 ഏപ്രില്‍ 16ന് സ്വീഡീഷ് റേഡിയോ വാര്‍ത്ത നല്‍കിയതോടെയാണ് വിവാദം ഉയര്‍ന്നു വന്നത്.

കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടേയും പ്രതിഛായയെ ഏറെ ബാധിച്ചതായിരുന്നു ഈ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് കാണിച്ച് ദല്‍ഹി ഹൈക്കോടതി പിന്നീട് കേസ് തള്ളുകയായിരുന്നു.