ബീജിംഗ്: ചൈനയില്‍ 132 യാത്രക്കാരുമായി പുറപ്പെട്ട യാത്രാവിമാനം തകര്‍ന്ന് വന്‍ ദുരന്തം. ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായാണ് കന്‍മിങ്ങില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷുവിലേക്ക് പുറപ്പെട്ടത്. ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം 6 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം.
ഗ്വാങ്ഷുവിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. ഗ്വാങ്ഷുയിലെ വുസുവിനടുത്താണ് സംഭവം. പര്‍വതമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം തകര്‍ന്നതിനു പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പര്‍വത മേഖലയില്‍ തകര്‍ന്നുവീണ വിവരം പുറത്തെത്തുന്നത്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.