കഴിഞ്ഞ ദിവസമാണ് നാനിയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ശ്യാം സിംഘ റോയി’ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ദേവദാസി സമ്പ്രദായത്തെ പറ്റി പ്രതിപാദിച്ച സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ‘മൈത്രി’ എന്ന ദേവദാസിയായിട്ടാണ് സായ് പല്ലവി ചിത്രത്തിലെത്തിയത്. മൈത്രിയായിട്ടുള്ള സായ് പല്ലവിയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ ദേവദാസി വേഷത്തിലെത്തിയ സായി പല്ലവി സുന്ദരിയല്ലെന്ന തമിഴ് പോസ്റ്റ് വൈറലായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. തെലങ്കാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ തമിഴിസൈ സൗന്ദര്‍ രാജനും സായ് പല്ലവിക്കെതിരെ വന്ന പോസ്റ്റില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്.
പുതിയ തലമുറൈ എന്ന തമിഴ് ചാനലിനോടായിരുന്നു തമിഴിസൈയുടെ പ്രതികരണം. തനിക്കെതിരെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ധൈര്യത്തോടെ നേരിട്ടുവെന്നും തമിഴിസൈ പറഞ്ഞു.
‘ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാകത്തുള്ളൂ. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളൊന്നുമല്ല. ഞാന്‍ അതെല്ലാം അവഗണിച്ചു. പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്’ തമിഴിസൈ പറഞ്ഞു.
‘പൊക്കം കുറഞ്ഞ് ഇരുനിറത്തില്‍ ഇതുപോലെയുള്ള മുടിയുമായി ജനിച്ചത് എന്റെ തെറ്റല്ല. മാത്രമല്ല അതിലെല്ലാം സൗന്ദ്യര്യവുമുണ്ട്. അതുകൊണ്ടാണ് ‘കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്’ എന്ന ചൊല്ല് തന്നെയുള്ളത്. അത് കറുപ്പായിട്ടിരിക്കുന്നതുകൊണ്ട് കാക്ക അതിന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല,’ തമിഴിസൈ കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാര്‍ക്ക് അവരുടെ രൂപത്തില്‍ യാതൊരുതരത്തിലുമുള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുമ്പോള്‍ സ്ത്രീകളാണ് നിരന്തരമായി ബോഡി ഷെയിമിംഗ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് തമിഴിസൈ പറഞ്ഞു. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകള്‍ക്കെതിരെ വിവേചനത്തോടെ പെരുമാറുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മികച്ച പ്രതികരണമാണ് ശ്യാം സിംഘ റോയിക്ക് ലഭിക്കുന്നത്. രണ്ട് കാലഘട്ടം പറയുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നാനി എത്തിയത്. സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍. ബംഗാളില്‍ നിന്നും വരുന്ന വിപ്ലവകാരിയായ ശ്യാം സിംഘാ റോയി എന്ന കഥാപാത്രത്തിനായി കിടിലന്‍ മേക്കോവറാണ് നാനി നടത്തിയത്.
രാഹുല്‍ സാന്‍കൃത്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വെങ്കട് ബൊയാനപള്ളിയാണ്. മിക്കി ജെ. മേയര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീല സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ, എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlight: body-shaming-hurts-dr-tamilisai-soundarajan-slams-viral-post-sai-pallavi