ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് തെരച്ചിലിന് നേതൃത്വം നല്‍കിയ എ.എ.ഐ.ബി. കഴിഞ്ഞ ദിവസം തകര്‍ന്ന വിമാനത്തില്‍ നിന്ന് കണ്ടെത്തിയത് സലായുടേതെന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
വിമാനത്തെ മുഴുവനായും കരയ്‌ക്കെത്തിക്കാനുള്ള നീക്കം ഇപ്പോള്‍ പുരോഗമിക്കുകയാണ്. ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്ക് പോയ സലയുടെ വിമാനം അപകടത്തില്‍ പെട്ടത്. സലയും വൈമാനികന്‍ ഡേവിഡ് ഇബ്ബോസ്റ്റണുമാണ് വിമാനത്തില്‍ ഉണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തകര്‍ന്ന വിമാനത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.ഗോ ഫണ്ട് മി പേജിലൂടെ 300 കോടി സ്വരൂപിച്ച് നടത്തിയ സ്വകാര്യ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. എന്നാല്‍ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സി.എന്‍.എന്നും ഡെയ്‌ലി മയിലും ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കാര്‍ഡിഫ് സിറ്റിയുടെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 15 മില്യണിനാണ് താരം നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്ക് എത്തിയത്. ഗോ ഫണ്ട് മി പേജിലേക്കുള്ള ധനസ്വരൂപണത്തില്‍ ആരാധകര്‍ക്ക് പുറമെ ഫുട്‌ബോള്‍ താരങ്ങളായ ഐക്കര്‍ ഗുണ്ടോഗന്‍, ടൊലീസോ, എംബാപ്പെ എന്നിവരും സഹായിച്ചിരുന്നു.