തുറിച്ച് നോട്ടങ്ങളെയും കളിയാക്കലുകളെയും അതിജീവിച്ച ആറ് പെണ്‍മുലകളുടെ പച്ചയായ രാഷ്ട്രീയം പറയുന്ന സിനിമയാണ് ബി 32 മുതല്‍ 44 വരെ. ശ്രുതി ശരണ്യം എന്ന സംവിധായകിയ ആറ് പെണ്‍ ജീവിതങ്ങളെ ഒറ്റ ഫ്രെയിമില്‍ ഒതുക്കിയപ്പോള്‍ കണ്ട കാഴ്ചയാണ് ആ സിനിമ. അത്ര മനോഹരമായിട്ടാണ് അവര്‍ പെണ്‍ ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞത്.
ആറ് സ്ത്രീകളുടെ ജീവിതത്തെയാണ് ശ്രുതി ശരണ്യം എന്ന സംവിധായിക പ്രേക്ഷകന് മുന്നിലെത്തിക്കുന്നത്. അതില്‍ ഏതെങ്കിലും ഒരു സ്ത്രീയെ നമുക്ക് ഉറപ്പായും കണക്ട് ചെയ്യാന്‍ കഴിയും എന്നതാണ് വാസ്തവം. അതുവരെ മാതൃത്വത്തിന്റെ മഹത്വവല്‍ക്കരണങ്ങളില്‍ മാത്രം ഒതുക്കപ്പെട്ട് പോയ പെണ്‍ മുലകള്‍ക്ക് നിരവധി വ്യാഖ്യാനങ്ങളാണ് ഈ സിനിമ പകരുന്നത്.
മാതൃത്വത്തിനപ്പുറം മുലകള്‍ പെണ്ണിന് പ്രണയമാകുന്നതും സൗന്ദര്യമാകുന്നതും വേദന സമ്മാനിക്കുന്നതും അത് ലൈംഗികമായി മാറുന്നതും ഒപ്പം ചിലപ്പോഴെങ്കിലും ബാധ്യതയാകുന്നതും അപകര്‍ഷതക്ക് കാരണമാകുന്നതുമൊക്കെ സിനിമയില്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. സ്താനാര്‍ബുദത്തിന്റെ വേദനിപ്പിക്കുന്ന നിമിഷങ്ങളും, അത്രയും നാള്‍ തനിക്ക് സൗന്ദര്യമായി മാറിയിരുന്ന അവയവം ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി പോകുമ്പോള്‍ അവളില്‍ സംഭവിക്കുന്ന മാറ്റങ്ങളും, പിന്നീട് ആണ്‍കാഴ്ചകളില്‍ അവള്‍ക്ക് വരുന്ന മാറ്റങ്ങളുമൊക്കെ നല്ലരീതിയില്‍ സിനിമ പറയുന്നുണ്ട്.
വലിപ്പം കുറഞ്ഞ് പോയതിന്റെ പേരിലും കൂടിപോയതിന്റെ പേരിലുമൊക്കെ അപമാനിതയാകേണ്ടി വന്ന, ആത്മവിശ്വാസം കടപുഴകി വീണുപോയ എത്രയോ പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. അതിനെയെല്ലാം കൃത്യമായ പ്രാധാന്യത്തോടെ സിനിമ പകര്‍ത്തിവെക്കുന്നുണ്ട്. തിയേറ്ററിലെത്തുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ക്കെങ്കിലും ഒരുവേള ഇത് താന്‍ തന്നെയല്ലേ എന്ന തോന്നല്‍ സിനിമ സമ്മാനിക്കുന്നുണ്ട്. അത്രയേറെ ജീവനുള്ള സിനിമ തന്നെയാണ് ബി.
സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അത്രത്തോളം ശക്തവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം പറയുന്നതോടൊപ്പം സാമൂഹ്യ ശ്രേണിക്കനുസരിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതയും അവള്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെയും ശ്രുതി തന്റെ സിനിമയിലൂടെ അഡ്രസ് ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥ സംഭവത്തെ സ്‌ക്രീനില്‍ റീക്രിയേറ്റ് ചെയ്ത് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
പിന്നീട് കാണിക്കുന്ന പല സംഭവങ്ങളും ഇത്തരത്തില്‍ യാഥാര്‍ത്ഥ്യത്തിനോട് അടുത്ത് നില്‍ക്കുന്നത് തന്നെയാണ്. സിനിമയുടെ അവസാനം എന്താണ് ജെന്‍ഡര്‍ എന്ന് ചോദിക്കുമ്പോള്‍ വിത്ത് ബൂംബ്‌സ് വിത്തൗട്ട് ബൂംബ്‌സ്(with boobs and without boobs) എന്നാണ് ഒരു പയ്യന്‍ നല്‍കുന്ന ഉത്തരം. ലൈംഗിക വിദ്യഭ്യാസത്തിന്റെ പ്രാധാന്യം ഉയര്‍ത്തിയാണ് ബി അവസാനിക്കുന്നത്.
content highlight: body politics in b 32 muthal 44 vare movie