കൊളംബോ: പാകിസ്ഥാനില്‍ ‘ദൈവനിന്ദ’ ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ശ്രീലങ്കന്‍ പൗരന്‍ പ്രിയന്ത കുമാരയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊലപ്പെടുത്തിയതിന് ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രിയന്തയുടെ മൃതദേഹത്തിന് തീയിട്ടിരുന്നു.
അതിനാല്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടമാണ് സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടിലെത്തിക്കാന്‍ സാധിച്ചത്. തിങ്കളാഴ്ച വൈകിയാണ് മൃതദേഹം ശ്രീലങ്കയിലെത്തിച്ചത്.
ശ്രീലങ്കന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ ഉദ്യോഗസ്ഥരാണ് കൊളംബോ വിമാനത്താവളത്തില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം പ്രിയന്തയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
സംസ്‌കാരം ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൃതദേഹം വഹിച്ചുകൊണ്ട് പാകിസ്ഥാന്‍ സംഘം വിമാനത്താവളത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പെ തന്നെ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രിയന്തയ്ക്ക് നീതി ആവശ്യപ്പെട്ട് തടിച്ചുകൂടിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തീവ്രവലത് സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാനിലെ (ടി.എല്‍.പി) അംഗങ്ങളടങ്ങിയ ആള്‍ക്കൂട്ടം പ്രിയന്തയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പാകിസ്ഥാനിലെ പഞ്ചാബിലെ സിയാല്‍കോട്ടില്‍ കായികോപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയന്ത.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങള്‍ ആലേഖനം ചെയ്തിരുന്ന ടി.എല്‍.പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്തതും കൊലപ്പെടുത്തിയതുമെന്നാണ് റിപ്പോര്‍ട്ട്.
ടി.എല്‍പി സംഘടനയ്ക്ക് മേലുണ്ടായിരുന്ന നിരോധനം അടുത്തിടെയായിരുന്നു ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.
അതേസമയം കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രജപക്‌സെയെ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇതുവരെ 124 പേരാണ് അറസ്റ്റിലായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Body of Sri Lankan man lynched in the name of blasphemy, arrived from Pakistan