|

കേരളത്തിന്റെ കാത്തിരിപ്പ് വിഫലം; അഞ്ചുവയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: എറണാകുളം ആലുവയില്‍ തട്ടികൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന്റെ പരിസരത്ത് കണ്ടെത്തിയ മൃതദേഹം അഞ്ചുവയസുകാരിയുടെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ശരീരഭാഗം ഒടിച്ച് ചാക്കിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് കൂടതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നാട്ടുകാരാണ് മാര്‍ക്കറ്റ് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തുന്നത്. ചാക്കിട്ട് മൂടിയ നിലയില്‍ കൈകളായിരുന്നു പുറത്തുണ്ടായിരുന്നത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായിട്ടായിരുന്നു കസ്റ്റഡിയിലുള്ള ബീഹാര്‍ സ്വദേശി അസ്ഫാക് ആലം നേരത്തെ നല്‍കിയിരുന്ന മൊഴി. സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് സുഹൃത്ത് പെണ്‍കുട്ടിയെ കൈമാറിയിരിക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ആലുവയിലെ പാലത്തിനടിയില്‍ വെച്ചാണ് സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയതെന്ന് സുഹൃത്തും മൊഴി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഈ മൊഴികള്‍ കേന്ദ്രീകരിച്ച് കൊലപാതകത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസ് തീരുമാനം.

കുട്ടിയെ തട്ടികൊണ്ടുപോയ അസ്ഫാകിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൃതദേഹം കണ്ടത്തിയത്.

Content Highlight: Body of six-year-old girl kidnapped in Ernakulam Aluva found