നീലം ചുഴലിക്കാറ്റ്: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
India
നീലം ചുഴലിക്കാറ്റ്: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2012, 9:36 am

ചെന്നൈ: നീലം ചുഴലിക്കാറ്റില്‍പ്പെട്ട് ചെന്നൈ തീരത്തടിഞ്ഞ കപ്പലില്‍ നിന്ന്‌ കാണാതായ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കായുളള തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തീരസംരക്ഷണ സേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും ഇന്ന് രാവിലെ തന്നെ തിരച്ചില്‍ തുടങ്ങി. []
കാസര്‍കോട് ബദിയഡുക്ക കുഴിവേലില്‍ ഈപ്പന്‍ ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫ് (24), ഉദുമ സര്‍വീസ് സഹകരണബാങ്ക് മാങ്ങാട് ശാഖാ മാനേജര്‍ പി.പി. ചന്ദ്രശേഖറിന്റെയും ഉദുമ ജി.എല്‍.പി.സ്‌കൂള്‍ അധ്യാപിക രമയുടെയും മകന്‍ കൃഷ്ണ ചന്ദ്ര (23),

നിരഞ്ജന്‍ (ആര്‍ക്കോണംതമിഴ്‌നാട്), ജയദേവ് (ബല്‍ഗാംകര്‍ണാടക), രാജ് രമേഷ് (മുംബൈ) എന്നിവരെയാണ് കാണാതായത്. ബാക്കി 17 പേരെ മീന്‍പിടിത്തക്കാര്‍ രക്ഷിച്ച് സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പുതുച്ചേരി സ്വദേശി ആനന്ദ് മോഹന്‍ദാസ് മരിച്ചു.

കപ്പലില്‍ കുടുങ്ങിയിരുന്ന 15 പേരെ നാവികസേനയുടെ ഹെലികോപ്റ്റര്‍ പുലര്‍ച്ചയോടെ രക്ഷപ്പെടുത്തി. കാണാതായ ജോമോന്‍ ലൈഫ് ബോട്ട് മറിഞ്ഞതിന് ശേഷം കപ്പലില്‍ ലാഡറില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും വീണ്ടും ആഞ്ഞടിച്ച വന്‍തിരമാലകളില്‍ കുടുങ്ങി കടലില്‍ വീഴുകയായിരുന്നുവെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

ക്രൂഡ്ഓയിലുമായി മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് മുംബൈയില്‍ നിന്നുള്ള പ്രതിഭ കാവേരി കപ്പല്‍ ചെന്നൈയിലെത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ ചെന്നൈ തുറമുഖത്തടുക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ പുറം കടലില്‍ തന്നെ നിര്‍ത്തിയിട്ടു. ബുധനാഴ്ചത്തെ കാറ്റിനിടയില്‍ നീങ്ങാന്‍ ശ്രമിക്കവേയാണ് കപ്പല്‍ കാറ്റില്‍പെട്ടതെന്ന്‌ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അതുല്യ മിശ്ര പറഞ്ഞു.