Film News
ടി.വി. ഷോയില്‍ കൊണ്ടുപോയി കോമാളിയാക്കും, പക്ഷേ അവര്‍ക്ക് പൈസ തരാന്‍ വലിയ ബുദ്ധിമുട്ടാണ്: ആരതി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 15, 12:38 pm
Wednesday, 15th March 2023, 6:08 pm

ബോഡി ബില്‍ഡിങ്ങിലൂടെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ താരമാണ് ആരതി കൃഷ്ണ. താരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സിനിമയില്‍ നിന്നുപോലും ഓഫറുകള്‍ വന്നിരുന്നു.

ഏഷ്യാനെറ്റിലെ ബിഗ് ബോസിലേക്കും ആരതിക്ക് ഓഫര്‍ വന്നിരുന്നുവെന്ന ചര്‍ച്ചകള്‍ ഇടക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമാവാറുണ്ട്. എന്നാല്‍ ബിഗ് ബോസിലേക്ക് തനിക്ക് വിളിയൊന്നും വന്നിട്ടില്ലെന്നും ഒരു ടി.വി. ഷോകളിലും തനിക്ക് താല്‍പര്യമില്ലെന്നും പറയുകാണ് ആരതി. ചില ടി.വി ഷോകളില്‍ കൊണ്ടുപോയി കോമാളിയാക്കാറുണ്ടെന്നും എന്നാല്‍ പൈസ തരില്ലെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആരതി പറഞ്ഞു.

‘ബിഗ് ബോസിലേക്ക് വിളിയൊന്നും വന്നിട്ടില്ല. അവിടയെും ഇവിടെയുമൊക്കെ പറയുന്നത് കേട്ടിരുന്നു. പക്ഷേ എനിക്ക് താല്‍പര്യമില്ല. ബിഗ് ബോസെന്നല്ല, ടി.വി. ഷോകളിലൊന്നും താല്‍പര്യമില്ല.

ഞാന്‍ ആരേയും കുറ്റം പറയുകയല്ല. പക്ഷേ എനിക്ക് എന്റെ ജീവിതം നോക്കണം. ജിം നടത്തുന്നവര്‍ ചിലപ്പോള്‍ ലോണെടുത്തിട്ടായിരിക്കും അത് നടത്തുന്നത്. എങ്കിലും ഒരു ഉദ്ഘാടനത്തിന് വിളിച്ചാല്‍ നമുക്ക് എത്ര പൈസ വേണമെങ്കിലും തന്ന് കൊണ്ടുപോവാന്‍ തയാറാണ്. പക്ഷേ ഇത്രയും പൈസ കിട്ടുന്ന ടി.വിക്കാര്‍ക്ക് വേണ്ടി രണ്ടോ മൂന്നോ ദിവസമാണ് കളയുന്നത്. പക്ഷേ അവര്‍ക്ക് പൈസ തരാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്.

വലിയ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് പൈസ കൊടുക്കും. ഷോയ്ക്ക് വിളിക്കുന്നവരോട് താല്‍പര്യമില്ലെന്ന് ഞാന്‍ പറയാറുണ്ട്. അവര്‍ പറയുന്നത് നിങ്ങള്‍ക്ക് ഫെയിം കിട്ടുമെന്നാണ്. എനിക്ക് ആ ഫെയ്‌മൊന്നും വേണ്ട. ചിലയിടത്ത് കൊണ്ടുപോയി നമ്മളെ കോമാളിയാക്കും. അത് എനിക്ക് തന്നെ അറിയാം. എന്റെ വിലയാണ് അവിടെ പോകുന്നത്. എന്നിട്ട് പോലും ഞാന്‍ നിന്നുകൊടുക്കുന്നുണ്ട്,’ ആരതി പറഞ്ഞു.

Content Highlight: body builder aarathy krishnan talks about tv shows