| Friday, 4th January 2019, 7:48 pm

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിക്കാത്തത് മാധ്യമങ്ങള്‍ നുണ പ്രചരണം നടത്താത്തതുകൊണ്ട്; പണിമുടക്കില്‍ കടയടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കേരളത്തില്‍ അത് വിജയിക്കാത്തത് മാധ്യമങ്ങള്‍ നുണ പ്രചരണം നടത്താന്‍ തയ്യാറാകാത്തത് കൊണ്ടാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ബി.ജെ.പി പ്രചരണം നടത്തുന്നുണ്ടെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ മാത്രമേ കേരളത്തില്‍ പാടുള്ളൂ. ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ വരാത്ത ക്ഷേത്രമാണ് ശബരിമല. അതുകൊണ്ട് ഈ ക്ഷേത്രത്തെ തകര്‍ക്കണമെന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളത്”- കോടിയേരി പറഞ്ഞു.


ദേശീയ പണിമുടക്കില്‍ വ്യാപാരികളോട് കടയടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തൊഴിലാളികളോട് പണിമുടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

“എല്ലാ സ്ഥലത്തും സി.പി.ഐ.എം പ്രവര്‍ത്തകര്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് യാതൊരു അക്രമ സംഭവങ്ങളും സംസ്ഥാനത്ത് നടത്താന്‍ പാടില്ല. പൂര്‍ണ സമാധാനം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ പ്രദേശത്തും രംഗത്തിറങ്ങേണ്ടത്”- കോടിയേരി പറഞ്ഞു.

അതേസമയം, നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേരളം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ നിന്ന് പിന്നോട്ട് വലിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിന്റെ മതേതരത്വവും നവോത്ഥാനവും സംരക്ഷിക്കാനാണ് ഇടതുപക്ഷം നിലകൊള്ളുന്നത്. ഇത് തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

നാടിനെ പിറകോട്ട് വലിക്കാനുള്ള ശ്രമത്തില്‍ സംഘപരിവാറിനൊപ്പം ചേരുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശബരിമല വിധിയെ സ്വാഗതം ചെയ്തപ്പോള്‍ അതിനെ തള്ളിക്കളഞ്ഞവരാണ് സംസ്ഥാന നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more