ശ്രീനഗര്‍: ഹൈദര്‍പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വ്യവസായികളുടെ മൃതദേഹങ്ങള്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ ഇരുവരുടേയും വീട്ടുകാര്‍ക്ക് കൈമാറി. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണിത്.
രാഷ്ട്രീയ പാര്‍ട്ടികളും ഇരുവരുടേയും കുടുംബങ്ങള്‍ക്ക് പിന്തുണയറിയിച്ച് എത്തിയതോടെ കൊലപാതകങ്ങളെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിട്ടിരുന്നു. ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഐജാസ് അസദ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്.
തിങ്കളാഴ്ച ഹൈദര്‍പോറയിലെ വാണിജ്യ സമുച്ചയത്തില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് രണ്ട് വ്യവസായികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടത്. വ്യവസായികളായ ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവര്‍ തീവ്രവാദികളെ പിന്തുണച്ചവരാണെന്നായിരുന്നു പൊലീസിന്റെ വാദം.
ഇരുവരെയും ഭീകരര്‍ വെടിവെച്ചുകൊന്നതാണെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു.