| Friday, 16th August 2013, 10:19 am

മുങ്ങിക്കപ്പല്‍ ദുരന്തം: നാല് നാവികരുടെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ:  തീപിടുത്തത്തെ തുടര്‍ന്ന് മുങ്ങിയ നാവിക സേനയുടെ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരക്ഷകില്‍ കുടുങ്ങിയ 4 നാവികരുടെ മൃതദേഹം കണ്ടെത്തി. []

എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.  കണ്ടെടുത്ത 4 മൃതദേഹങ്ങളും തിരിച്ചറിയാനാ കാത്തതിനാല്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.  കൂടുതല്‍  മൃതദേഹങ്ങള്‍ പോലും ലഭിക്കാനിടയില്ലെന്നും നാവികസേനയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാതിലുകളും ഗോവണികളും മറ്റും സ്‌ഫോടനത്തില്‍ തകര്‍ന്ന് കപ്പലിനുള്ളിലേക്കുള്ള പ്രവേശനമാര്‍ഗങ്ങള്‍ അടഞ്ഞ നിലയിലാണ്.

എണ്ണയും ചെളിയും കലര്‍ന്ന വെള്ളത്തില്‍  ശക്തിയേറിയ ലൈറ്റുകള്‍ തെളിച്ചിട്ടുപോലും ഒന്നും കാണാന്‍ സാധിക്കാഞ്ഞതിനാല്‍ ഒരു ഡൈവര്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ ഉള്ളില്‍ കയറാനായത്. 36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് രണ്ടാം കംപാര്‍ട്ട്്‌മെന്റിലേക്ക് എത്താനായത്.

നാലു മലയാളികള്‍ അടക്കം 18 പേരാണ് മുങ്ങികപ്പലില്‍ ഉണ്ടായിരുന്നത്. കാണാതായ മലയാളി നാവികരുടെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്.

ചൂടും ചെളിയും കാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് കപ്പലിനകത്തേയ്ക്ക് എത്താന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.

ചൂടു മൂലം മുങ്ങിക്കപ്പലിനുള്ളിലെ വെള്ളം തിളച്ചു മറിയുന്നതിനാല്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ തിരച്ചില്‍ തുടങ്ങിയത്   ഇന്നാണ്.

തിരുവനന്തപുരം വെള്ളറട വാഴിച്ചല്‍ എല്‍.വി. ഭവനില്‍ ലോറന്‍സിന്റെ മകന്‍ ലിജു ലോറന്‍സ് (29), ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കോയിത്തറ വിശ്വംഭരന്റെ മകന്‍ വി. വിഷ്ണു (22),

പൂജപ്പുര  ചാടിയറ ശ്രീചക്രത്തില്‍ കേരള യൂണിവേഴ്‌സിറ്റി റിട്ട.അസി.റജിസ്ട്രാര്‍ ടി.വി.ആര്‍ പോറ്റിയുടെ മകന്‍  വെങ്കട്ട്‌രാജ്, തലശേരി സ്വദേശി വികാസ് എന്നിവരാണ് മുങ്ങിക്കപ്പലില്‍ കുടുങ്ങിയ മലയാളികള്‍.

We use cookies to give you the best possible experience. Learn more