കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗയില്‍ നടന്ന ബൊറൂസിയ ഡോര്‍ട്മുണ്ട് – വി.എഫ്.എല്‍ ബോക്കം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബൊറൂസിയ വിജയിച്ചിരുന്നു. യുസൗഫ മുക്കോക്കുവിന്റെ ഇരട്ട ഗോളും ജിയോവാനി റെയ്‌ന പെനാല്‍ട്ടിയിലൂടെ നേടിയ ഗോളുമാണ് ജര്‍മന്‍ വമ്പന്‍മാര്‍ക്ക് തുണയായത്.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മുക്കോക്കു ബൊറൂസിയയെ മുമ്പെലെത്തിച്ചിരുന്നു. ബോക്‌സിന് പുറത്ത് നിന്നും എതിര്‍ ടീം ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നേടിയ തകര്‍പ്പന്‍ ഷോട്ട് ബോള്‍ക്കം ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി വലയിലെത്തുകയായിരുന്നു.
മത്സരത്തിന്റെ 12ാം മിനിട്ടില്‍ ഡി. മലനെ ഫൗള്‍ ചെയ്തതിന് പിന്നാലെ ലഭിച്ച പെനാല്‍ട്ടി റെയ്‌ന ഒരു പിഴവും കൂടാതെ വലയിലെത്തിക്കുകയായിരുന്നു.
ശേഷം ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു മത്സരത്തിലെ ഏറ്റവും മികച്ച മൊമെന്റുകളിലൊന്ന് പിറന്നത്. മുക്കോക്കുവിന്റെ ലോങ് റേഞ്ചര്‍ മഴവില്ലുപോലെ വളഞ്ഞ് ബോള്‍ക്കം ഗോള്‍ പോസ്റ്റില്‍ വിശ്രമിച്ചപ്പോള്‍ ബൊറൂസിയ ആരാധകരൊന്നാകെ ആവേശത്തിന്റെ പരകോടിയിലെത്തിയിരുന്നു.
എന്നാല്‍ ഈ ഗോളിനേക്കാള്‍ ചര്‍ച്ചയാകുന്ന ഒരു സംഭവവും നടന്നിരുന്നു. മത്സരത്തിന്റെ 76ാം മിനിട്ടില്‍ ബോക്കം താരത്തിന് പരിക്കേറ്റതിന് പിന്നാലെയാണ് ഇത് നടന്നത്.
മത്സരത്തില്‍ ബോക്കം താരങ്ങളായ ആന്തണി ലോസില്ലയും ക്രിസ്റ്റിയന്‍ ഗാംബോയയവും പരസ്പരം കൂട്ടിയിടിച്ച് വീഴുകയായിരുന്നു. ഇവരെ പരിശോധിക്കാനെത്തിയ ബോള്‍ക്കം മെഡിക്കോസിന്റെ അബദ്ധമാണ് ചര്‍ച്ചയാവുന്നത്.
വീണുകിടക്കുന്ന ലോസില്ലയുടെ അടുക്കലേക്ക് ഓടിയെത്തിയ മെഡിക്കല്‍ ടീം അംഗം വഴുതി വീഴുകയും താരത്തിന്റെ മുഖത്ത് ചവിട്ടുയുമായിരുന്നു. ലോസില്ലക്കരികില്‍ നിന്ന് താരത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ബൊറൂസിയ താരത്തിന് മുമ്പില്‍ വെച്ചുതന്നെയായിരുന്നു സ്വന്തം ഫിസിയോ താരത്തെ ചവിട്ടിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഫിസിയോക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ 13 മത്സരത്തില്‍ നിന്നും 25 പോയിന്റോടെ നാലാം സ്ഥാനത്താണ് ഡോര്‍ട്മുണ്ട്. എട്ട് ജയവും ഒരു സമനിലയും നാല് തോല്‍വിയുമാണ് ഡോര്‍ട്മുണ്ടിന്റെ അക്കൗണ്ടിലുള്ളത്.