ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ ബൊക്ക ജൂനിയേഴ്‌സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ റിവര്‍പ്ലേറ്റ് ആരാധകരുടെ ആക്രമണം. കോപ്പ ലിബര്‍ട്ടഡോസ് ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിനായി എത്തിയപ്പോള്‍ റിവര്‍പ്ലേറ്റിന്റെ ഹോംഗ്രൗണ്ടായ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ബസ്സിന്റെ ചില്ല് തകര്‍ന്ന് ബൊക്ക താരങ്ങളായ പാബ്ലോ പെരസ്, ഗോണ്‍സാലോ ലാമാര്‍ഡോ എന്നീ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പുറമെ തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ട കാര്‍ലോസ് ടെവസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇതാദ്യമായാണ് കോപ്പ ലിബര്‍ട്ടഡോസ് ഫൈനലില്‍ രാജ്യത്തെ ചിരവൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മില്‍ ഏറ്റുമുട്ടുന്നത്.
ബൊക്കയുടെ ഹോം ഗ്രൗണ്ടായ ബൊംബൊണേരോയില്‍ നടന്ന ആദ്യ പാദ മത്സരം 2-2ന് സമനിലയായിരുന്നു. ഇന്നലെത്ത ഫൈനലിന് മുന്നോടിയായി ബൊക്ക ജൂനിയേഴ്‌സിന്റെ പരിശീലനം കാണാന്‍ അരലക്ഷം പേരാണ് കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെത്തിയിരുന്നത്.
യൂറോപ്പിലെ ചാംപ്യന്‍സ് ലീഗിന് തുല്ല്യമായി ദക്ഷിണ അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റാണ് കോപ്പ ലിബര്‍ട്ടഡോസ്. 2015ല്‍ റിവര്‍പ്ലേറ്റ് താരങ്ങള്‍ക്ക് നേരെ പെപ്പര്‍ സ്േ്രപ പ്രയോഗിച്ചതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയും റിവര്‍പ്ലേറ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.