Bollywood
'അച്ഛന്‍ ഒരു ഇതിഹാസതാരമായിരുന്നു, മികച്ച നടനുള്ള ഒരു അവാര്‍ഡ് പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല'; ബോബി ഡിയോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 08, 07:31 am
Monday, 8th March 2021, 1:01 pm

മുംബൈ: അവാര്‍ഡുകള്‍ തന്നെ സ്വാധീനിക്കാറില്ലെന്ന് ബോളിവുഡ് താരം ബോബി ഡിയോള്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബോബി മികച്ച റോളിലെത്തിയ വെബ് സിരീസായ ‘ആശ്രമം’ ലെ പ്രകടനത്തിന് പുരസ്‌കാരം ലഭിച്ച പശ്ചാത്തലത്തിലായിരുന്നു ബോബിയുടെ പ്രതികരണം.

‘എന്റെ അച്ഛന്‍ (ധര്‍മ്മേന്ദ്ര) ഒരു ഇതിഹാസ താരമായിരുന്നു. മികച്ച നടനുള്ള ഒരു അവാര്‍ഡ് പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇതുകണ്ടാണ് ഞാന്‍ വളര്‍ന്നത്. അവാര്‍ഡുകള്‍ വാരിക്കൂട്ടണമെന്ന് എനിക്കും തോന്നിയിട്ടില്ല. അച്ഛനെ ജനങ്ങള്‍ ഹൃദയത്തിലേറ്റുകയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. നമുക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ നമ്മുടെ ആരാധകര്‍ക്ക് സന്തോഷമാകും. അതല്ലാതെ നമുക്ക് സന്തോഷിക്കാനുള്ള വകയൊന്നും അവാര്‍ഡുകളില്‍ നിന്ന് ലഭിക്കില്ല,’ ബോബി പറഞ്ഞു.

ഒരു അഭിനേതാവെന്ന നിലയില്‍ കഴിവുകള്‍ മെച്ചപ്പെടുത്താനും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ബോബി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു ബോബിയുടെ പ്രതികരണം.

ആറു വയസുമാത്രം പ്രായമുള്ളപ്പോള്‍ ചലച്ചിത്ര ലോകത്ത് എത്തിയ ആളാണ് ബോബി ഡിയോള്‍. 1977 ല്‍ ധരം വീര്‍ എന്ന സിനിമയിലൂടെയാണ് ബാലതാരമായി ബോബി ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്.

ഇതില്‍ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലമാണ് ബോബി അവതരിപ്പിച്ചത്. പിന്നീട് രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ബര്‍സാത് എന്ന സിനിമയിലൂടെയാണ് ബോബി നായകനായി രംഗപ്രവേശം ചെയ്തത്.

ഇതിലെ വേഷത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. 1997 ല്‍ ഇറങ്ങിയ ബോബിയുടെ ഗുപ്ത് എന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Boby Deol Opens About Receiving Awards