തിരുവനന്തപുരം: അന്തരിച്ച ഇതിഹാസ ഫുട്‌ബോള്‍ ഡീഗോ മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍. മാധ്യമം ഓണ്‍ലൈനോട് നടത്തിയ പ്രതികരണത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍, ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹം.’ ബോബി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് മറഡോണ 2012ല്‍ ആദ്യമായി കേരളത്തിലെത്തിയത്. അന്ന് തടിച്ചുകൂടിയ മലയാളി ആരാധകര്‍ക്കാപ്പമായിരുന്നു മറഡോണയുടെ 52ാം ജന്മദിനാഘോഷം.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.
‘മറഡോണയുടെ മരണത്തില്‍ അതീവ ദുഖിതനാണ്, മറഡോണ എന്നെ സംബന്ധിച്ച് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണ്, സ്വപ്നം പോലും കാണാന്‍ പറ്റാത്ത ബന്ധമായിരുന്നു, ദുബൈയില്‍ വെച്ച് കണ്ടപ്പോള്‍ ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു, പുള്ളി സംതൃപ്തനായി എന്നെ കെട്ടിപ്പിടിച്ചു, കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. അതുവരെ മദര്‍ തെരേസയുടെ മാത്രം ആരാധകനായിരുന്നു ഞാന്‍. ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ആരാധകന്‍ എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തത്.’ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരവും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായ ഡീഗോ മറഡോണ് മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.
1960 ലായിരുന്നു മറഡോണയുടെ ജനനം.ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
ആദരാഞ്ജലി അര്‍പ്പിച്ചും ഓര്‍മ്മകള്‍ പങ്കുവെച്ചും കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞ ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയെ ഓര്‍ക്കുകയാണ് ലോകം മുഴുവന്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക