നിരവധി ട്രോളുകള്‍ക്ക് വിധേയനായ വ്യക്തിയാണ് സ്വര്‍ണ്ണവ്യാപാരിയായ ബോബി ചെമ്മണ്ണൂര്‍. അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞ ചില പ്രസ്താവനകള്‍ വെച്ചാണ് ട്രോളുകളുണ്ടായിരുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകിയെ കാണാന്‍ ബെംഗളൂരുവിലേക്ക് വണ്ടിയെടുത്ത് പോയിട്ടുണ്ടെന്നും ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരിയെ ഉമ്മവെച്ചിട്ടുണ്ടെന്നും 20 കിലോമീറ്റര്‍ ഓടാറുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് ട്രോളുകളായി മാറിയത്.
ഇത്തരം ട്രോളുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോബി ചെമ്മണ്ണൂര്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകിയെ കാണാന്‍ വണ്ടിയെടുത്തു ബെംഗളൂരുവില്‍ പോയി എന്ന് പറഞ്ഞതില്‍ തളളിന്റെ അംശമില്ലെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമമില്ലാത്തവന് ഇതൊക്കെ വലിയ സംഭവമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു മൂഡുണ്ടെങ്കില്‍ 20 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് പറഞ്ഞതെന്നും ആരെങ്കിലും ഓടിക്കാന്‍ വന്നാല്‍ മാത്രമേ അത്ര ദൂരം ഓടാന്‍ കഴിയുകയുള്ളൂവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
‘അത്രയും ദൂരം ഓടുമെന്ന് പറഞ്ഞത് അറിയാതെ വായില്‍ നിന്ന് വീണതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കൂട്ടുകാരിക്ക് ഉമ്മ കൊടുത്തുവെന്നും അതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതു ചെയ്തവരും ധാരാളമുണ്ടാവും. ഞാനേ തുറന്നു പറയാന്‍ തയ്യാറായുളളൂവെന്ന് മാത്രം’, അദ്ദേഹം പറഞ്ഞു.
താനെന്തുപറഞ്ഞാലും ആളുകള്‍ തലങ്ങും വിലങ്ങും ട്രോളുമെന്നും അതൊരു സ്‌കോപ്പുള്ള സംഗതിയാണല്ലോയെന്ന് ചിന്തിച്ചുവെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
പരസ്യം ചെയ്ത് വെറുതെ കാശ് കളയണ്ടല്ലോ, എന്നാല്‍പ്പിന്നെ ട്രോളന്‍മാര്‍ക്ക് ചില തീറ്റയിട്ടുകൊടുക്കാമെന്ന് തോന്നി. ആവശ്യക്കാര്‍ക്ക് കൊടുക്കുകയെന്നതാണ് നമ്മുടെ സന്തോഷം. കൊവിഡ് കാലത്തെ സംസാരം കണ്ട് ഞാനൊരു കോമാളിയാണെന്ന് കുറേപ്പേര്‍ വിശ്വസിച്ചു. എന്നാല്‍ കുറച്ചു കാലം ഈ സിനിമ കോമഡി ട്രാക്കില്‍ പോകട്ടേയെന്ന് ഞാനും കരുതി അത്രേയുള്ളൂ’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Boby chemmanur reacts against trolls related with his school experience