കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അനാഥരായ രാജന്റെ മക്കള്‍ക്ക് ആ ഭൂമി വിലയ്ക്ക് വാങ്ങി നല്‍കി വ്യവസായി ബോബി ചെമ്മണ്ണൂര്‍.
തര്‍ക്കമുന്നയിച്ച അയല്‍വാസിയായ വസന്തയില്‍ നിന്നുമാണ് ഭൂമി കുട്ടികളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതെന്ന് അദ്ദേഹം മനോരമ ഡോട്ട് കോമിനോട് പറഞ്ഞു.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസിയായ വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു.
ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. രാജനെതിരെയാണ് ആത്മഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്തത്.
അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റൂറല്‍ എസ്.പി അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് രാജന്റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെ മരണം സംഭവിക്കുകയായിരുന്നു. ഡിസംബര്‍ 28 ന് വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.
രാജന്റെ മൃതദേഹം പോങ്ങില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കള്‍ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയര്‍ത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Boby Chemmannur Interferes In Neyyattinkara Tragedy