| Tuesday, 2nd February 2021, 1:32 pm

പത്മശ്രീക്കായി 50 ലക്ഷം അവര്‍ ചോദിച്ചു; 2 കോടി തരാമെന്നേറ്റവര്‍ ഉണ്ടെന്നും പറഞ്ഞു; ഇതോടെ എന്റെ മറുപടി അവരെ അറിയിച്ചു: ബോബി ചെമ്മണ്ണൂര്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്മശ്രീ പുരസ്‌കാരങ്ങളോടൊന്നും തനിക്ക് താത്പര്യമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ താന്‍ ഇടംനേടിയിരുന്നെന്ന് പറഞ്ഞ് പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍.

ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്നായിരുന്നു തന്നെ വിളിച്ചവര്‍ സൂചിപ്പിച്ചതെന്നും കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ തന്നെ അറിയിച്ചെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോബി പറഞ്ഞു.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി.

‘പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.

പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത്‌ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി അവര്‍. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.

ജീവിതത്തില്‍ ഇതുവരെയായി ഇരുന്നൂറിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 812 കിലോമീറ്റര്‍ കേരളം മുഴുവനോടിയതിന് ഗിന്നസ് ലോക റെക്കോര്‍ഡും നേടി. എന്റെ വിയര്‍പ്പിന്റേയും അധ്വാനത്തിന്റേയും ഫലമായി ലഭിച്ച ആ ബഹുമതിയേക്കാള്‍ വലിയ ഒരു നേട്ടവും കിട്ടാനില്ല’, ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Boby Chemmannur About Padmasree Award

We use cookies to give you the best possible experience. Learn more