കൊച്ചി: നടിക്കെതിരെയുള്ള ലൈംഗീക പരാമർശത്തിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹാചര്യമില്ലെന്ന് കേരള ഹൈക്കോടതി. അടിയന്തരമായി ഹരജി പരിഗണിക്കേണ്ടതിന്റെ എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്ന് കോടതി ചോദിച്ചു. അതോടെ ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ കഴിയണം.
ഉച്ചയോടായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന് മുന്നിൽ ഈ ജാമ്യ ഹരജി എത്തിയത്. ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി എത്തിയത്. മജിസ്ട്രേറ്റ് കോടതിയിൽ തങ്ങൾ ഹാജരാക്കിയ തെളിവുകൾ പരിശോധിക്കാൻ തയാറായിട്ടില്ല, ഇത് കള്ള പ്രചാരണം മാത്രമാണ് അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നായിരുന്നു ബോബി ആവശ്യപ്പെട്ടത്.
എന്നാൽ പൊതു സ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ ഇത്തരം ഭാഷയാണോ ഉപയോഗിക്കേണ്ടതെന്ന് കോടതി തിരിച്ച് ചോദിച്ചു. അതിന് മറുപടിയായി ബോബിയുടെ അഭിഭാഷകൻ ബോബി ചെമ്മണ്ണൂർ ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്നും അതിന് താൻ ഉറപ്പ് നൽകുമെന്നും പറഞ്ഞു.
എന്നാൽ എല്ലാവർക്കും മാനാഭിമാനം ഉണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. ഒപ്പം ഹരജി ഇന്ന് പരിഗണിക്കാൻ സാധിക്കില്ലെന്നും ചൊവ്വാഴ്ചത്തേക്ക് മാറ്റാമെന്നും കോടതി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പരാതി നല്‍കിയത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു.
ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയതും ബോബി അറസ്റ്റിലായതും.
Content Highlight: Bobby will remain in Jail; The court cannot consider the petition