തങ്ങളുടെ തിരക്കഥകളിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി – സഞ്ജയ്. ബോക്സ് ഓഫീസിലെ വിജയപരാജയങ്ങൾ ഒരുപോലെ അടുത്തറിയാൻ ഇവരുടെ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.
പ്രേക്ഷകർ വിമർശിക്കുന്നത് ഒരിക്കലും വ്യക്തിപരമല്ലെന്നും അത് അവരുടെ വ്യൂ പോയിന്റ് ആണെന്നുമാണ് തിരക്കഥാകൃത്തിൽ ഒരാളായ സഞ്ജയ് പറയുന്നത്.
പ്രേക്ഷകർ റിജക്ട് ചെയ്ത തങ്ങളുടെ ഒരുപാട് സിനിമകൾ ഉണ്ടെന്നും അതെല്ലാം ശരിയായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും സഞ്ജയ് പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘നമ്മളെ വിമർശിച്ചോ തിരസ്കരിച്ചോ ആരെങ്കിലും സംസാരിക്കുകയാണെങ്കിൽ അവർ അവരുടെ വ്യൂ പോയിന്റ് ആണ് പറയുന്നത്. അതിനപ്പുറത്തേക്ക് വ്യക്തിപരമായി ഒന്നുമതില്ലില്ല. ഞങ്ങൾ ഒരാളോട് കഥ പറയുമ്പോൾ, ആ കഥ അയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ എന്ന വ്യക്തികളോടുള്ള പ്രശ്നമല്ല അത്. അവർക്ക് ആ കഥ റിലേറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്.
ഞങ്ങളുടെ ഒരു തിരകഥ കേട്ടിട്ട് അയാൾ അത് റിജക്റ്റ് ചെയ്തു എന്ന് പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. കാരണം അതൊട്ടും വ്യക്തിപരമല്ല. തിയേറ്ററിൽ പ്രേക്ഷകർ സിനിമകൾ തീർച്ചയായും റിജക്ട് ചെയ്യാം.
ഞാൻ മനസിലാക്കിയ ഒരു കാര്യം പ്രേക്ഷകർ ഒന്നടങ്കം റിജക്ട് ചെയ്ത ഞങ്ങളുടെ സിനിമകളുണ്ട്, ആ സിനിമകൾ ഇപ്പോൾ നോക്കുമ്പോൾ അതിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. അന്ന് അവർക്ക് മനസിലാവാഞ്ഞിട്ടല്ല. ഞങ്ങൾക്ക് അത് എത്തിക്കാൻ പറ്റാത്തത് കൊണ്ടാണത്. അല്ലെങ്കിൽ ഞങ്ങൾ വേണ്ടത്ര രീതിയിൽ ശ്രദ്ധ കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇതിനെ ഭയങ്കര വ്യക്തിപരമായ പ്രശ്നമായി എടുക്കേണ്ട എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സിനിമയിൽ വന്ന സമയത്ത് അതെല്ലാം വല്ലാതെ വേദനിപ്പിക്കുമായിരുന്നു പക്ഷെ ഇപ്പോൾ അവരെല്ലാം പറയുന്നതിന് കുറച്ചുകൂടി കാര്യമുണ്ടെന്നും എനിക്ക് തോന്നാറുണ്ട്,’സഞ്ജയ് പറയുന്നു.
Content Highlight: Bobby Sanjay Talk About Their Flop Movies