| Thursday, 28th December 2023, 4:13 pm

മരിക്കാൻ നേരത്ത് രാജേഷ് ഒരു സഹ സംവിധായകനെ പറ്റി പറഞ്ഞു, പിന്നീട് അയാളോടൊപ്പം ഞങ്ങൾ 2 സിനിമകൾ ചെയ്തു: ബോബി - സഞ്ജയ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജേഷ് പിള്ള എന്ന സംവിധായകനെ മലയാളികൾ മറക്കാൻ ഇടയില്ല.

ട്രാഫിക് എന്ന ഒരൊറ്റ സിനിമ മാത്രം മതി അദ്ദേഹത്തിലെ ഫിലിം മേക്കറെ അടയാളപ്പെടുത്താൻ. അവസാന ചിത്രമായ വേട്ട റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

വലിയ രീതിയിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു രാജേഷ് പിള്ളയുടെ ട്രാഫിക്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി – സഞ്ജയ്‌ കൂട്ടുകെട്ടായിരുന്നു. ആ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ് ചിത്രം സ്വന്തമാക്കിയിരുന്നു. രാജേഷ് പിള്ളയുമൊത്തുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് സഞ്ജയ്‌.

ആ സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും രാജേഷ് പോകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഫേവറീറ്റ് ആയ സഹ സംവിധായകനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് സഞ്ജയ്‌ പറയുന്നത്. ശേഷം രാജേഷിനെ പോലെ തന്നെ അയാളും ഞങ്ങളുടെ ലൈഫിലേക്ക് കടന്നുവന്നെന്നും ഉയരെ സിനിമയുടെ സംവിധായകൻ മനു അശോകനാണ് അയാളെന്നും സഞ്ജയ്‌ പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹവുമായുള്ള സൗഹൃദം ഒരു എപ്പിസോഡിൽ പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല. നിലനിൽക്കുന്ന ഒരു സൗഹൃദമായിട്ടാണ് ഞാനിപ്പോഴും അതിനെ കാണുന്നത്.

രാജേഷ് പോവുന്ന സമയത്ത് എന്നോട് പറഞ്ഞിരുന്നു, രാജേഷിന് ഭയങ്കര ഫേവറീറ്റ് ആയിട്ടുള്ള ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടെന്ന്. മനു എന്നാണ് പേര്. രാജേഷ് പോയതിന് ശേഷം മനു അശോകൻ എന്ന് പറയുന്ന വ്യക്തി ശരിക്കും രാജേഷ് തന്ന പോലെ ഞങ്ങളുടെ ലൈഫിലേക്ക് വരുകയാണ്.

അങ്ങനെയാണ് ഉയരെ എന്ന സിനിമ ഉണ്ടാവുന്നത്. ഉയരെ മനു അശോകൻ സംവിധാനം ചെയ്ത സിനിമയാണ്. രാജേഷ് തന്നിട്ട് പോയ ഒരു സംവിധായകനാണ് മനു. കാണെ കാണെ എന്ന സിനിമ മനുവാണ് ചെയ്തത്. ഇനി ഞങ്ങൾ അടുത്ത സിനിമ ചെയ്യാൻ പോവുന്നതും മനുവിന് വേണ്ടിയാണ്.

എനിക്കറിയാം അത് വളരെ കാല്പനികമായൊരു ചിന്തയാണെന്ന്, പക്ഷെ അതിന്റെയൊരു തുടർച്ച പോലെ കാണാൻ ഞാൻ ഇഷ്ടപെടുന്നു. ആ തുടർച്ച ഇന്നും നിലനിൽക്കുന്നു,’സഞ്ജയ്‌ പറയുന്നു.

Content Highlight: Bobby Sanjay Talk About Rajesh Pillai And Manu Ashokan

We use cookies to give you the best possible experience. Learn more