രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമല്‍’. രശ്മിക മന്ദാന നായികയായെത്തിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡിസംബര്‍ ഒന്നിനായിരുന്നു റിലീസിനെത്തിയത്.
ചിത്രത്തില്‍ രശ്മിക മന്ദാനക്ക് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിച്ചിട്ടുണ്ട്. രണ്‍ബീര്‍ കപൂറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയ സിനിമയായിരുന്നു ഇത്.
സിനിമയില്‍ ബോബി ഡിയോള്‍ വില്ലനായെത്തുന്ന വിവരമറിഞ്ഞതോടെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ സിനിമ പുറത്ത് വന്നപ്പോള്‍ നിരാശയായിരുന്നു ഫലം.
വളരെ നന്നായി അഭിനയിച്ചെങ്കിലും ‘അബ്രാര്‍ ഹഖ്’ എന്ന ബോബി ഡിയോളിന്റെ കഥാപാത്രത്തിന് സിനിമയില്‍ അധികം സ്‌ക്രീന്‍ സ്‌പേസുണ്ടായിരുന്നില്ല. അതേസമയം കിട്ടിയ സ്‌ക്രീന്‍ സ്‌പേസ് നന്നായി ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സിനിമയില്‍ അര്‍ഹിക്കുന്ന സ്‌ക്രീന്‍ സ്‌പേസ് ബോബിക്ക് കിട്ടിയില്ലെന്ന് വലിയ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇപ്പോള്‍ അതില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് അദ്ദേഹം.
‘ചെയ്യുന്ന കഥാപാത്രത്തിന് സിനിമയില്‍ എത്ര ദൈര്‍ഘ്യമുണ്ടെന്നതല്ല കാര്യം, ഇത്തരം കഥാപാത്രം ചെയ്യുകയെന്നതാണ് കാര്യം. സിനിമയില്‍ കൂടുതല്‍ സീനുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്.
പക്ഷേ ഞാന്‍ ഈ സിനിമക്ക് വേണ്ടി സൈന്‍ ചെയ്യുമ്പോള്‍ തന്നെ ഇത്ര സ്‌ക്രീന്‍ സ്‌പേസ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എനിക്കും അറിയാമായിരുന്നു.
അതേസമയം, സന്ദീപ് (സന്ദീപ് റെഡ്ഡി വംഗ) ഈ കഥാപാത്രം ചെയ്യാന്‍ അവസരം നല്‍കിയതില്‍ എനിക്ക് ദൈവത്തോട് നന്ദിയുണ്ട്. സിനിമയില്‍ എനിക്ക് 15 ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ ഉള്ളൂവെന്നും സിനിമയില്‍ ഉടനീളം ഉണ്ടാകില്ലെന്നും അറിയാമായിരുന്നു.
എങ്കിലും ആളുകള്‍ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഇത്രയധികം സ്‌നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് അറിയില്ലായിരുന്നു,’ ബോബി ഡിയോള്‍ പറഞ്ഞു.
Content Highlight: Bobby Deol talks About His Screen Space In Animal Movie