തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. രണ്ടര വര്‍ഷത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ സൂര്യ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോളാണ്. ബോബിയുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. ഉദിരന്‍ എന്ന കഥാപാത്രമായാണ് ബോബി കങ്കുവയില്‍ വേഷമിടുന്നത്.
ബോബി ഡിയോളിനൊപ്പമുള്ള ഫൈറ്റ് സീനുകളില്‍ അദ്ദേഹത്തിന്റെ ആകാരത്തോടൊപ്പം പിടിച്ചുനില്‍ക്കാന്‍ താന്‍ വല്ലാതെ പാടുപെട്ടിരുന്നെന്ന സൂര്യയുടെ വാക്കുകളോട് പ്രതികരിക്കുകയാണ് ബോബി ഡിയോള്‍. സൂര്യക്ക് ഉയരം കുറവാണെന്ന് പലരും പറയുന്നത് താന്‍ കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അയാളെപ്പോലെ ഒരു നടന് അത് ഒരു കുറവാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അയാള്‍ മറ്റുള്ളവരില്‍ നിന്ന് ഒരുപാട് ഉയരത്തിലാണെന്നും ബോബി പറഞ്ഞു. അയാളുടെ പെര്‍ഫോമന്‍സ് കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ബോബി കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ ഭൂരിഭാഗം സ്റ്റണ്ടുകളും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് സൂര്യ ചെയ്തതെന്നും ബോബി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ ഒരു ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ സൂര്യക്ക് ചെറിയൊരു അപകടം സംഭവിച്ചെന്നും അത് തനിക്ക് വല്ലാത്ത സങ്കടമുണ്ടാക്കിയെന്നും ബോബി പറഞ്ഞു. എന്നാല്‍ ഭാഗ്യത്തിന് ഒന്നും പറ്റിയില്ലെന്നും അസാധ്യ നടനാണ് സൂര്യയെന്നും ബോബി പറഞ്ഞു. കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ബോബി ഡിയോള്‍ ഇക്കാര്യം പറഞ്ഞത്.
‘സൂര്യ അദ്ദേഹത്തിന്റെ ഫിസിക്കാലിറ്റിയെപ്പറ്റി സംസാരിച്ചത് കേട്ടു. പക്ഷേ സൂര്യയെപ്പൊലൊരു നടന് ഉയരം കുറവാണ് എന്നതൊന്നും ഒരു വിഷയമേ അല്ല. മറ്റുള്ളവരില്‍ നിന്ന് ഒരുപാട് ഉയരത്തിലാണ് അദ്ദേഹം. പലരെക്കാളും മൈറ്റിയാണ് സൂര്യ എന്ന നടന്‍. അയാളുടെ പെര്‍ഫോമന്‍സ് കണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
ഈ സിനിമയിലെ പല സ്റ്റണ്ടുകളും ഡ്യൂപ്പില്ലാതെയാണ് സൂര്യ ചെയ്തത്. പലതും വലിയ റിസ്‌കുള്ളതായിരുന്നു. എനിക്ക് ഏറ്റവും സങ്കടമുണ്ടാക്കിയ കാര്യം ഒരു ഫൈറ്റ് സീനിനിടെ സൂര്യക്ക് പരിക്ക് പറ്റി. അത്യാവശ്യം റിസ്‌കുള്ള ഒരു സീനായിരുന്നു. എന്തോ ഭാഗ്യത്തിന് അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയില്ല. അസാധ്യ നടനാണ് സൂര്യ,’ ബോബി പറഞ്ഞു.
Content Highlight: Bobby Deol shares the shooting experience with Suriya in Kanguva