തമിഴിന് പിന്നാലെ തെലുങ്കിലും അരങ്ങേറി ബോളിവുഡ് സൂപ്പര്‍ താരം.... പിറന്നാള്‍ ദിനത്തില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment
തമിഴിന് പിന്നാലെ തെലുങ്കിലും അരങ്ങേറി ബോളിവുഡ് സൂപ്പര്‍ താരം.... പിറന്നാള്‍ ദിനത്തില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 3:46 pm

1990കളില്‍ ബോളിവുഡിലെ സൂപ്പര്‍താരമായിരുന്നു ബോബി ഡിയോള്‍. 1995ല്‍ റിലീസായ ബര്‍സാത് എന്ന സിനിമയിലൂടെ നായകനായ ബോബി, 97ല്‍ പുറത്തിറങ്ങിയ ഗുപ്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2000ത്തിന് ശേഷം തെരഞ്ഞെടുത്ത സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. 2013ന് ശേഷം ചെറിയ ഇടവേള എടുത്ത ശേഷം തിരിച്ചു വന്നെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

2020ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ ക്ലാസ് ഓഫ് 83 എന്ന സിനിമയിലെ പ്രകടന മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനുപുറമെ ആശ്രം എന്ന വെബ് സീരീസിലെ പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസായ അനിമലിലെ വില്ലന്‍ വേഷം പ്രേക്ഷകര്‍ ആഘോഷമാക്കി. വെറും 13 മിനിറ്റ് മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും രണ്‍ബീറിനൊപ്പം കൈയ്യടികള്‍ കിട്ടിയ കഥാപാത്രമായിരുന്നു അനിമലിലെ അബ്രാര്‍ ഹഖ്.

ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് ബോബിയുടെ പുതിയ ചിത്രം. സൂര്യ നായകനാവുന്ന സിനിമയില്‍ വില്ലനായി തന്നെയാണ് ബോബി എത്തുന്നത്. പീരിയോഡിക്കല്‍ ആക്ഷന്‍ ഫാന്റസി വിഭാഗത്തില്‍ പെടുന്ന കങ്കുവയില്‍ ബോബിയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറ്തതുവിട്ടിരുന്നു. ബോബിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് കങ്കുവ.

ഇപ്പോഴിതാ തമിഴിന് ശേഷം തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് താരം. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. എന്‍.ബി.കെ 109 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോബിയും ഉണ്ടെന്നുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. വാള്‍ട്ടര്‍ വീരയ്യ എന്ന ഹിറ്റ് സിനിമക്ക് ശേഷം ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. സിതാര എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Bobby Deol onboard for Balakrishna’s new film