| Thursday, 9th January 2025, 4:52 pm

ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമ താരം ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. ബോബിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബി ചെമ്മണ്ണൂരിനെ റിമാൻഡ് ചെയ്തത്. അഡ്വ. ബി രാമൻപിള്ളയാണ് ബോബിക്കായി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഗുരുതരമായ കുറ്റമല്ല ബോബി ചെമ്മണ്ണൂർ ചെയ്തതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

പൊലീസ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും എന്നാല്‍, രണ്ടു ദിവസം മുന്‍പ് വീണ് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ടെന്നും താന്‍ അള്‍സര്‍ രോഗിയാണെന്നും ബോബി കോടതിയെ അറിയിച്ചു. ജാമ്യം വേണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ബോബിക്കു വേണ്ടി അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ആവശ്യപ്പെട്ടു. വ്യവസായി ആയ പ്രതി സാമ്പത്തികമായി പ്രബലനാണെന്നും കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുന്തീദേവി പരാമര്‍ശത്തിനു ശേഷവും ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ശരീരത്തില്‍ സ്പര്‍ശിച്ചു എന്നത് തെറ്റാണെന്നും പ്രതിഭാഗം വാദിച്ചു.

ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു  പ്രോസിക്യൂഷൻ വാദം. ഇപ്പോൾ ജാമ്യം നൽകിയാൽ അത് ഇത്തരം കുറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുപോലെയാകും. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്. മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു. ദുരുദ്ദ്യേശ്യത്തോടെ തന്നെയാണ് ബോബി കയ്യിൽ പിടിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അഭിനേത്രിയുടെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂ രിനെ കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെ വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ പിടികൂടിയത്.

ബോബിയെ പുത്തൂര്‍വയല്‍ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷം അന്വേഷണ സംഘം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇന്നലെ (ചൊവ്വാഴ്ച)യാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പരാതി നല്‍കിയത്.

നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു.

ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിലെന്ന വിവരം പുറത്തുവരുന്നത്.

Content Highlight: Bobby Chemmannur to Jail

We use cookies to give you the best possible experience. Learn more