കൊച്ചി: ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് നടപടി.
ബോബി നാടകം കളിക്കുകയാണോ എന്നും ഇന്നലെ തന്നെ റിലീസ് ഓര്‍ഡര്‍ ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകം കളിക്കരുതെന്നും ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാമെന്നുമാണ് കോടതിയുടെ വിമര്‍ശനം.
കഥ മെനയാന്‍ ശ്രമിക്കുകയാണോ എന്നും കോടതിയെ മുന്‍നിര്‍ത്തി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. ബി.രാമന്‍പിള്ളയെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരെയും കോടതിയയെയും പരിഹസിക്കുന്ന നടപടിയാണ് ബോബി ചെമ്മണ്ണൂരിന്റേതെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു.
ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് ഈ കേസില്‍ വിചാരണ നടത്താനുള്ള അധികാരമുണ്ടെന്നും 12 മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും വിശദീകരണം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് പുറത്ത് വന്നില്ലെന്ന് വിശദമാക്കണമെന്നും വിശദീകരണം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി ഏറ്റെടുക്കേണ്ടതെന്നും പറഞ്ഞ കോടതി നീതി ന്യായ വ്യവസ്ഥയുണ്ട് ഇവിടെയെന്നും മുന്നറിയിപ്പ് നല്‍കി.
ഇന്നലെ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ വിസമ്മതിച്ചിരുന്നു. ജാമ്യം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ ബോബി ജാമ്യം ലഭിച്ചപ്പോള്‍ താന്‍ ഇറങ്ങില്ലെന്നായിരുന്നു വാദിച്ചിരുന്നത്. പുറത്തിറങ്ങാതിരിക്കുന്നത് സഹതടവുകാര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നുമായിരുന്നു വാദം.
പിന്നാലെ ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബിയെ കോടതി വിമര്‍ശിക്കുന്നത്. കോടതി കേസ് പരിഗണിക്കുമെന്ന അറിഞ്ഞതിനെ തുടര്‍ന്ന് പത്ത് മിനുട്ടില്‍ നടപടി പൂര്‍ത്തിയാക്കി ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തിറങ്ങുകയായിരുന്നു.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബോഡി ഷെയിമിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞിരുന്നു. അന്വേഷണവുമായി ബോബി സഹകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗം അല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
Content Highlight: Bobby Chemmannur criticized; Bail canceled if necessary: High Court takes case voluntarily