|

റോമന്‍സില്‍ ബിജുമേനോന് പകരം ആ നടനെ ആലോചിച്ചിരുന്നു, അദ്ദേഹത്തിന് കഥ ഇഷ്ടമായില്ല: ബോബന്‍ സാമുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോമന്‍സ്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കോമഡിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ബോബന്‍ സാമുവല്‍.

ചിത്രത്തിലെ പ്രധാന ലൊക്കേഷനായ പള്ളി എത്ര അന്വേഷിച്ചിട്ടും കിട്ടിയില്ലെന്ന് ബോബന്‍ സാമുവല്‍ പറഞ്ഞു. പല പള്ളികളും ഷൂട്ടിനായി വിട്ടുതരില്ലെന്ന് പറഞ്ഞിരുന്നെന്നും സെറ്റിടാനുള്ള ബജറ്റ് നിര്‍മാതാവിന്റെ പക്കലില്ലായിരുന്നെന്നും ബോബന്‍ സാമുവല്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ കൊടൈക്കനാലിലാണ് ചിത്രത്തിന് ചേരുന്ന രീതിയിലൊരു പള്ളി കിട്ടിയതെന്ന് ബോബന്‍ സാമുവല്‍ പറഞ്ഞു.

എന്നാല്‍ പള്ളിയുടെ അടുത്തുള്ള ഗ്രാമം മറ്റൊരു സ്ഥലമായിരുന്നെന്നും എഡിറ്റിങ്ങിലൂടെ രണ്ട് സ്ഥലങ്ങളും ഒന്നാക്കി കാണിച്ചതാണെന്നും ബോബന്‍ സാമുവല്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയ സമയത്ത് കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ കോമ്പോ ഹിറ്റായിരുന്നില്ലെന്നും ആദ്യത്തെ കാസ്റ്റ് മറ്റൊന്നായിരുന്നെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു.

ലാലും കുഞ്ചാക്കോ ബോബനുമായിരുന്നു തന്റെ മനസിലുണ്ടായിരുന്ന കാസ്‌റ്റെന്നും ലാലിനോട് കഥ പറഞ്ഞിരുന്നെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് കഥ കണക്ടായില്ലെന്നും അതുകൊണ്ട് ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞെന്നും ബോബന്‍ സാമുവല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് ബിജു മേനോനിലേക്ക് എത്തിയതെന്നും ബോബന്‍ സാമുവല്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ബോബന്‍ സാമുവല്‍.

‘റോമന്‍സ് എന്ന പടം പകുതിക്ക് വെച്ച് നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചതായിരുന്നു. ആ പടത്തിലെ പ്രധാന ലൊക്കേഷന്‍ പള്ളിയായിരുന്നല്ലോ. എന്നാല്‍ കേരളത്തിലെ ഒരു പള്ളിയും ഷൂട്ടിന് വിട്ടുതന്നില്ല. സെറ്റിടാമെന്ന് വിചാരിച്ചപ്പോള്‍ അതിന് പറ്റിയ ബജറ്റ് പ്രൊഡ്യൂസറുടെ കൈയില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ കൊടൈക്കനാലില്‍ നിന്നാണ് പടത്തിന് പറ്റിയ പള്ളി കിട്ടിയത്. ആ ഗ്രാമം പള്ളിയുടെ അടുത്ത് നിന്ന് 40 കിലോമീറ്റര്‍ മാറിയായിരുന്നു. എഡിറ്റിങ്ങിലൂടെ രണ്ടും അടുത്തായി കാണിച്ചതാണ്.

അതുപോലെ ആ പടത്തിന്റെ കാസ്റ്റിങ് ആദ്യം മറ്റൊന്നായിരുന്നു. കുഞ്ചാക്കോ ബോബനും ലാലുമായിരുന്നു, സിദ്ദിഖ് ലാലിലെ ലാലേട്ടന്‍, ആദ്യത്തെ കാസ്റ്റ്. പുള്ളിയുടെ ഓഫീസില്‍ ചെന്ന് കഥ പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് കഥ കണക്ടായില്ല. ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. ആ സമയത്ത് ഓര്‍ഡിനറി റിലീസായില്ലായിരുന്നു. കുഞ്ചാക്കോ ബോബനാണ് ബിജു മേനോന്റെ പേര് സജസ്റ്റ് ചെയ്തത്,’ ബോബന്‍ സാമുവല്‍ പറയുന്നു.

Content Highlight: Boban Samuel saying he planned to cast Lal instead of Biju Menon in Romans movie