ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കാന്‍ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തത്തിനാണ് അമേരിക്ക മുന്‍ഗണന നല്‍കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി.
മികവുറ്റ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയും അമേരിക്കയും ഭീകരത അമര്‍ച്ച ചെയ്യുന്നതിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ കെറി ദല്‍ഹിയില്‍ പറഞ്ഞു.
ഭീകരത തുടച്ചു നീക്കുന്നതിന് പാക്കിസ്ഥാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ജോണ്‍ കെറി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ തദ്ദേശീയരായ ഭീകരരുടെ പ്രവര്‍ത്തനം ഇന്ത്യയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഏഷ്യന്‍ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം ദല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ വ്യക്തമാക്കി.
പാക് മണ്ണില്‍ നിന്ന് ഭീകരത ഇല്ലാതാക്കുന്ന കാര്യം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി താന്‍ ചര്‍ച്ച ചെയ്തിരുന്നു. ഭീകരത ഇല്ലാതാക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.