ജലമേളക്കാലത്തിന് തുടക്കമായി.ലോകത്ത് തന്നെ ഏറ്റവുമധികം കായികതാരങ്ങൾ അണിനിരക്കുന്ന വള്ളംകളി സീസൺ ഭക്ഷണപ്പെരുമയുടെ കാലം കൂടിയാണ്.കുട്ടനാട്ടിലെ പരിശീലന ക്യാംപുകളിൽ പരിശീലനത്തിന്റെ ആവേശത്തിനൊപ്പം നല്ല ബീഫ് ഉലർത്തിറയതിന്റെ മണം പരക്കുന്ന കാലം…
തുഴച്ചിലുകാരുടെയും പങ്കായക്കാരുടെയും അമരക്കാരന്റെയുമൊക്കെ ആരോഗ്യത്തിന് പ്രത്യേക പരിഗണനയാണ് പരിശീലന ക്യാംപുകളിൽ നൽകുന്നത്.യോഗയ്ക്കൊപ്പം വിഭവസമൃദ്ധമായ ആഹാരവും ഇവരുടെ ചിട്ടയിൽ ഉൾപ്പെടും.പുലർച്ചെ ബെഡ് കോഫിയിലാണ് തുടക്കം.പരിശീലനത്തിന് ശേഷം കളിക്കാരെ കാത്ത് ചൂട് പൊറോട്ടയും ഇറച്ചിയും.ഇറച്ചി വേണ്ടാത്തവർക്ക് മുട്ടക്കറിയോ വെജിറ്റബിൾ കറിയോ ഉണ്ടാവും.എന്നും പൊറോട്ട വേണ്ടെന്നു വെച്ചാൽ ഇഡ്ഡലിയും സാമ്പാറിലേക്ക് മെനു മാറും.ഉച്ചയൂണാണ് വിഭവ സമൃദ്ധം.തനി കുട്ടനാടൻ ബീഫ് ഉലർത്തിയതാണ് തുഴച്ചിലുകാരുടെ പ്രധാന മെനു.ചില ദിവസങ്ങളിൽ മീൻ കറിയും ഉൾപ്പെടുത്തും.ബീഫിനൊപ്പം മോര് കറി ഒഴിവാക്കാറില്ല.മേമ്പൊടിക്ക് തോരനും അച്ചാറും ഉണ്ടാവും.അത്താഴത്തിന് ചപ്പാത്തിയും വെഡിറ്റബിൾ കറിയുമാണ് പതിവ്.ദിവസേന 100 മുതൽ 125 വരെ തുഴച്ചിലുകാർക്കായാണ് ക്യാംപുകളിൽ ഭക്ഷണം തയാറാക്കുന്നത്.
കുട്ടനാടൻ ബീഫ് ഉലർത്തിയത്
ചേരുവകള്‍
ബീഫ് -അര കിലോ
ചെറിയ ഉള്ളി -200 ഗ്രാം
ഇഞ്ചി(അരിഞ്ഞത്)- അര ടീസ്പൂണ്‍
വെളുത്തുള്ളി(അരിഞ്ഞത്)- 5 അല്ലി
പച്ചമുളക് -4 എണ്ണം
കറിവേപ്പില -1 തണ്ട്
തേങ്ങക്കൊത്ത്- അര കപ്പ്
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മസാലക്കൂട്ട്
സവാള (അരിഞ്ഞത്)- 2 എണ്ണം
ഇഞ്ചി -അര ടീസ്പൂണ്‍
വെളുത്തുള്ളി- അര ടീസ്പൂണ്‍
പച്ചമുളക്- 4 എണ്ണം
മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളക്പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഗരംമസാല- അര ടീസ്പൂണ്‍
പെരുംജീരകപൊടി-കാല് ടീസ്പൂണ്‍
കറിവേപ്പില- 1 തണ്ട് ഉപ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്
വിനാഗിരി- 2 ടീസ്പൂണ്‍
മസാല തയ്യാറാക്കുന്നത്
അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ സവാള അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, ഗരംമസാല, പെരുംജീരകപൊടി, കറിവേപ്പില, വിനാഗിരി, ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റി മിക്സിയില്‍ അരച്ചെടുക്കുക. ഈ കൂട്ട് ബീഫില്‍ ചേര്‍ത്ത് കുഴച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ആവശ്യത്തിന്
വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കണം.
പാകം ചെയ്യുന്ന വിധം
അടി കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തേങ്ങക്കൊത്ത് എന്നിവ വഴറ്റണം. നല്ലപോലെ വഴന്നു വന്നാല്‍ വേവിച്ചു വെച്ച ബീഫ് കൂട്ട് ചേര്‍ത്ത് ഇളക്കി കുരുമുളക് പൊടി ചേര്‍ക്കണം. ചെറുതീയില്‍ അടച്ച് വെച്ച് വേവിക്കണം. ഇടക്കിടെ വെളിച്ചെണ്ണ തൂവി തവിട്ടു നിറമായി ഉലര്‍ന്നു വന്നാല്‍ തീയണക്കാം.