ജൂണ്‍ ഒമ്പതിനാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങുന്നത്. മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും ആശങ്കയോടെ വറുതിയുടെ കാലങ്ങളെ കാത്തിരിക്കുമ്പോള്‍ ബോട്ടുടമകളുടെയും നെഞ്ചില്‍ തീയാണ്. മത്സ്യബന്ധന ബോട്ടുകള്‍ സുരക്ഷിതമായി നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതാണ് ബോട്ടുടമകളെ ആശങ്കയിലാക്കുന്നത്.
കേരളതീരത്ത് ട്രോളിംഗ് നിരോധനം തുടങ്ങുന്നതിന് മുന്‍പ് ഇതരസംസ്ഥാന മത്സ്യബന്ധനബോട്ടുകള്‍ തീരം വിട്ടുപോകണമെന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ബോട്ടുകള്‍ക്ക് സുരക്ഷിതമായി നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കുന്നതില്‍ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് കോഴിക്കോട് ജില്ലയിലെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പ്രധാന ഹാര്‍ബര്‍ ജെട്ടിയായ കരുവന്‍തിരുത്തി കടവിലെ തടസങ്ങള്‍മൂലം ബോട്ടുകള്‍ സുരക്ഷിതമായി നിര്‍ത്തിയിടുന്നതിന് കഴിയുന്നില്ല. കരുവന്‍തിരുത്തി പാലത്തോടു ചേര്‍ന്നു പുഴയില്‍ മൂന്നു മത്സ്യബന്ധന വള്ളങ്ങള്‍ മുങ്ങി താഴ്ന്നു കിടക്കുന്നതാണ് ബോട്ടുകള്‍ നിര്‍ത്തുന്നതിനു തടസം സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ് കൂടി വന്നതോടെ ജലാശയങ്ങളില്‍ വെള്ളം കൂടുന്നതും അനിയന്ത്രിതമായ ഒഴുക്കുണ്ടാകുമെന്നതും ബോട്ടുകള്‍ക്ക് ഭീഷണിയാണ്. മഴക്കാലത്തു ചാലിയാറില്‍ ശക്തമായ ഒഴുക്കുണ്ടാകുമെന്നതിനാല്‍ ഹാര്‍ബര്‍ ജെട്ടിയില്‍ ബോട്ടുകള്‍ നിര്‍ത്തുന്നതു സുരക്ഷിതമല്ല. കുത്തൊഴുക്കില്‍ വടങ്ങള്‍ പൊട്ടി ബോട്ടുകള്‍ ഒഴുകിപ്പോകാന്‍ സാധ്യതയേറെയാണ്. മഴക്കാലത്ത് ഇത്തരം അപകടങ്ങള്‍ പതിവാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലും കാലവര്‍ഷം കനത്തപ്പോള്‍ കെട്ടിയിട്ട ബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ചും വടം പൊട്ടിയും വലിയ നഷ്ടമുണ്ടായിരുന്നതായി തൊഴിലാളികള്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ബോട്ടുടമകള്‍ക്ക് ഇത്തരത്തില്‍ നഷ്ടമാകുന്നത്.
മത്സ്യബന്ധനത്തിന് പോകാതെ പിടിച്ചിട്ടിരിക്കുന്ന ബോട്ടുകള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നതുവഴി ഇരട്ടപ്രഹരമാണ് തങ്ങള്‍ക്കുണ്ടാകുന്നത് ബോട്ടുടമകള്‍ പറയുന്നു. ട്രോളിംഗ് കഴിഞ്ഞ് ബോട്ടുകള്‍ വെള്ളത്തിലിറക്കുമ്പോള്‍ പൊതുവെ വലിയ തുകയാണ് ചെലവാകുന്നത്. ഇതിന് പിന്നാലെ അറ്റകുറ്റപ്പണികള്‍ കൂടി വരുന്നതോടെ കീശ കാലിയാകുമെന്നാണ് ബോട്ടുടമകളുടെ പക്ഷം.
അഞ്ഞൂറോളം മത്സ്യബന്ധനബോട്ടുകളാണ് ബേപ്പൂരിലുള്ളത്. എന്നാല്‍ ഇവയത്രയും നിര്‍ത്തിയിടാന്‍ മതിയായ സൗകര്യം ബേപ്പൂരിലില്ല. വടംകെട്ടിയാലും പൊട്ടിപ്പോകാനുള്ള സാധ്യതയുള്ളതിനാലാണ് ബോട്ടുടമകള്‍ സുരക്ഷിതമായ സ്ഥലം തേടുന്നത്. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുങ്ങിനശിച്ച വള്ളങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല പുഴയോരത്ത് മത്സ്യകൃഷിയ്ക്കായി സ്ഥാപിച്ച കൂടുകളും മരക്കുറ്റികളും ബോട്ട് നിര്‍ത്തിയിടാന്‍ വിലങ്ങുതടിയാകുന്നുണ്ട്. ഇവ മാറ്റിയാല്‍ ബോട്ടുകള്‍ക്ക് സുരക്ഷിതമായി നിര്‍ത്തിയിടാനാകും.
ഇതിനോടകം തന്നെ കടവില്‍ ബോട്ടുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനായിപോയിട്ടുള്ള ബോട്ടുകള്‍ കൂടി തിരിച്ചെത്തിയാല്‍ നിലവിലെ സൗകര്യം മതിയാകില്ല.
ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് കേരള തീരക്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ ട്രോള്‍ വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും മത്സ്യബന്ധന ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിരോധിച്ചിട്ടുള്ളത്. നിരോധന കാലയളവില്‍ നിയമലംഘനം നടത്തി കടലില്‍ മത്സ്യബന്ധനം നടത്തുന്നത് ശിക്ഷാര്‍ഹമായ നടപടിയാണ്.
മുന്‍വര്‍ഷം ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. ഇത്തവണ നിരോധനം അഞ്ച് ദിവസം കൂടുതലാണ്. ട്രോളിംഗ് നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രക്ഷാബോട്ടുകള്‍ സജ്ജമാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒമ്പത് ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി പോവുന്ന യാനങ്ങളെയും തൊഴിലാളികളെയും നിരീക്ഷിക്കുന്നതിനായി സാഗര എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഫിഷറീസ് വകുപ്പും എന്‍.ഐ.സിയും ചേര്‍ന്ന് വികസിപ്പിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാവൂ.