നടുകടലില്‍ പെട്ടുപോകുന്ന പത്തുപേര്‍; അവരെ അക്രമിക്കാനെത്തുന്ന സ്രാവും; 'ബോട്ട്' ടീസര്‍ പുറത്ത്
Entertainment news
നടുകടലില്‍ പെട്ടുപോകുന്ന പത്തുപേര്‍; അവരെ അക്രമിക്കാനെത്തുന്ന സ്രാവും; 'ബോട്ട്' ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th December 2023, 12:45 pm

യോഗി ബാബു, ഗൗരി ജി. കിഷന്‍, വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ബോട്ട്’ന്റെ ടീസര്‍ റിലീസായി.

പൂര്‍ണമായും കടലില്‍ ചിത്രീകരിച്ച ഈ സിനിമ മാലി ആന്‍ഡ് മാന്‍വി മൂവി മേക്കേഴ്സിന്റെ ബാനറില്‍ പ്രഭ പ്രേംകുമാറാണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

1940ല്‍ ജപ്പാന്‍ ചെന്നൈയില്‍ ബോംബ് സ്ഫോടനം നടത്തുന്നു. ബോട്ടില്‍ സഞ്ചരിക്കുന്ന 10 പേര്‍ ജീവന്‍ ഭയന്ന് ബോട്ടില്‍ നിന്ന് കടലിലേക്ക് ചാടും. ബോട്ടിലെ ദ്വാരത്തിലൂടെ വെള്ളം കയറുകയും പതുക്കെ മുങ്ങുകയും ചെയ്യുന്നു. ഇതിനിടയില്‍ ഒരു വലിയ സ്രാവ് ബോട്ടിനെ വളയുന്നു. ബോട്ടിലുള്ളവര്‍ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വടിവേലുവിനെ നായകനാക്കി ‘ഇംസൈ അരസന്‍ 23ആം പുലികേശി’ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ചിമ്പു ദേവന്‍. വിജയ്, ശ്രീദേവി, കിച്ച സുധീപ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘പുലി’, പ്രകാശ് രാജ്, സന്താനം, ഗഞ്ച കറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അരൈ എന്ന 305ല്‍ കടവുള്‍’, രാഘവ ലോറന്‍സിനെ പുതിയ മാനത്തില്‍ അവതരിപ്പിച്ച ‘ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം’ എന്നിവ ചിമ്പു ദേവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.

അദ്ദേഹത്തിന്റെ ‘കസടത്തപ്പാറ’ എന്ന ചിത്രം മികച്ച തിരകഥക്കുള്ള നിരവധി അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഹിസ്റ്റോറിക്കല്‍, ഫാന്റസി തുടങ്ങിയ വിഭാഗങ്ങളില്‍ വിജയകരമായ ചിത്രങ്ങള്‍ ഒരുക്കിയ ചിമ്പു ദേവന്‍ ഇത്തവണ ഒരു പാന്‍ ഇന്ത്യന്‍ ചിത്രവുമായിട്ടാണ് എത്തുന്നത്.

ജിബ്രാന്‍ സംഗീതം പകരുന്ന ‘ബോട്ട്’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധേഷ് മാണിക്കമാണ്. ചിത്രസംയോജനം ദിനേശനും കലാസംവിധാനം ടി. സന്താനവും കൈകാര്യം ചെയ്യും. പി.ആര്‍.ഒ: ശബരി.

Content Highlight: Boat Movie Teaser Out Now