തുര്‍ക്കി തീരത്ത് വീണ്ടും ബോട്ടു മുങ്ങി; 13 അഭയാര്‍ത്ഥികള്‍ മരിച്ചു
Daily News
തുര്‍ക്കി തീരത്ത് വീണ്ടും ബോട്ടു മുങ്ങി; 13 അഭയാര്‍ത്ഥികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2015, 3:06 pm

turkey-668
ലെസ്‌ബോസ്: തുര്‍ക്കി തീരത്ത് വീണ്ടുമുണ്ടായ അഭയാര്‍ത്ഥികളുടെ ബോട്ടപകടത്തില്‍ 13 പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കോസ്റ്റ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസ് ലക്ഷ്യമാക്കി നീങ്ങിയ അഭയാര്‍ത്ഥികളുടെ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചു മുങ്ങുകയായിരുന്നു. ഞായറാഴ്ചയായിരുന്നു അപകടം.

അതേസമയം മറ്റൊരു ബോട്ടപകടത്തില്‍ 26 പേരെ കാണാതായതായും ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് അഞ്ചു വയസ്സുകാരനായ അയ്‌ലന്‍ കുര്‍ദിയും ഈയിടെ നാലു വയസ്സുകാരിയായ മറ്റൊരു കുട്ടിയും യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ബോട്ടു മുങ്ങി മരിച്ചത് ലോകം കണ്ണീരോടെയാണ് അറിഞ്ഞത്.

ഇതിനിടെ ക്രൊയേഷ്യന്‍ അതിര്‍ത്തി കൂടി അടച്ചത് സിറിയന്‍ അഭയാര്‍ത്ഥികളെ കൂടുതല്‍ കഷ്ടത്തിലാക്കി. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാവില്ലെന്നാണ് ക്യൊയേഷ്യയുടെ നിലപാട്. എന്നാല്‍ ഓസ്ട്രിയയിലേക്കുള്ള കുടിയേറ്റം തുടരുകയാണ്. ഈ ആഴ്ച അവസാനത്തോടെ 20,000ത്തോളം അഭയാര്‍ത്ഥികള്‍ ഓസ്ട്രിയയിലെത്തിച്ചേരുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.