ചമ്പക്കുളം ജലോത്സവത്തില്‍ വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ട 15 പേരെയും രക്ഷപ്പെടുത്തി
Kerala News
ചമ്പക്കുളം ജലോത്സവത്തില്‍ വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ട 15 പേരെയും രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd July 2023, 6:21 pm

കുട്ടനാട്: ചമ്പക്കുളം ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. പമ്പയാറ്റില്‍ തുടങ്ങിയ ചമ്പക്കുളം മൂലം വള്ളം കളിക്കിയെടെയാണ് അപകടം. 15 ഓളം സ്ത്രീകള്‍ ഉള്‍പ്പെട്ട തെക്കനോടി വള്ളമാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം. ഒരേ സമയം രണ്ട് മത്സരങ്ങള്‍ നടന്നതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരവും വനിതകളുടെ പ്രദര്‍ശന മത്സരമായ തെക്കനോടി മത്സരവുമാണ് ഒരുമിച്ച് നടന്നത്.

ഈ സമയത്ത് ചുണ്ടം വള്ളങ്ങളുടെ കുതിപ്പില്‍ സി.ഡി.എസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ തെക്കനോടി വള്ളം മറിയുകയായിരുന്നു. ഏത് ക്ലബിന്റെ വള്ളമാണ് മറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.

മത്സരം കാണാനെത്തിയ ജില്ലാ കളക്ടര്‍ അപകടം നടന്നയുടന്‍ പിന്നീടുള്ള മത്സരങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിടുകയായിരുന്നു. രണ്ട് തെക്കിനോടി വള്ളമാണ് പ്രദര്‍ശന മത്സരത്തിലുണ്ടായിരുന്നത്. അതില്‍ ഒരു വള്ളമാണ് മറിഞ്ഞത്.

പൊലീസിന്റെയും നാട്ടുകാരുടെയും വള്ളങ്ങള്‍ കൊണ്ടു വന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

content highlights: Boat carrying 15 women overturned during Champakulam water festival; All were saved