ആലപ്പുഴ: നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളായ സേവ്യര്‍, ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. ക്ലീറ്റസ്, സന്തോഷ് എന്നിവരുള്‍പ്പെടെ മൂന്നു പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ഏഴു പേരാണ് ബോട്ടിലുണ്ടായിരുന്നത്.
കൊല്ലം കോവില്‍ത്തോട്ടത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ഡോണ്‍- 1 എന്ന ബോട്ടാണ്അപകടത്തില്‍ പെട്ടത്. സമീപത്തു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സംഘമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ആലപ്പുഴയില്‍ നിന്ന് 32 നോട്ടിക്കല്‍ മൈല്‍ അകലെ ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടം ഉണ്ടായത്. ഇടിച്ച കപ്പലിനായി തിരച്ചില്‍ തുടരുകയാണ്
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍, ജോസഫ് എന്നിവരെ തോട്ടപ്പള്ളി തീരത്തെത്തിച്ച ശേഷം അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശക്തികുളങ്ങര സ്വദേശി ജേക്കബ് ആന്റണിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയാണ് നീണ്ടകരയില്‍ നിന്നും ഏഴംഗ സംഘം മത്സ്യബന്ധനത്തിനു പോയത്. അതേസമയം, റഡാറും വയര്‍ലസും ഉള്‍പ്പെടെ സംവിധാനങ്ങളുള്ള ബോട്ട് എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിവായിട്ടില്ല.
ഏതുകപ്പലാണ് ബോട്ടില്‍ വന്നിടിച്ചതെന്ന് വ്യക്തമായിട്ടില്ല. അപകടത്തില്‍പ്പെട്ട കപ്പല്‍ കണ്ടെത്തുന്നതിനായി നാവികസേനയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
അപകടത്തേക്കുറിച്ച് അന്വേഷിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തീരദേശസേന അറിയിച്ചു.
എന്നാല്‍ അപകടത്തേക്കുറിച്ച് തീരദേശസേനയെ അറിയിച്ചെങ്കിലും ഉടന്‍ സഹായം എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തീരദേശസേന ഉടന്‍ സഹായത്തിനെത്തിയിരുന്നെങ്കില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നുവെന്ന് തീരദേശവാസികള്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ തോട്ടപ്പള്ളി ഹാര്‍ബര്‍ ഉപരോധിക്കുകയാണ്. അതേസമയം ഇടിച്ച കപ്പല്‍ സഞ്ചരിച്ചിരുന്നത് കപ്പല്‍ ചാലിലൂടെ ആയിരുന്നില്ലെന്ന് ബോട്ടില്‍ നിന്നും രക്ഷപ്പെട്ട മൈക്കിള്‍ പറഞ്ഞു. കൂട്ടിയിടിക്കുമ്പോള്‍ കപ്പലില്‍ ലൈറ്റ് ഉണ്ടായിരുന്നില്ലെന്നും കപ്പല്‍ മനപൂര്‍വ്വം വന്നിടിക്കുകയായിരുന്നെന്നും മൈക്കിള്‍ മൊഴിനല്‍കി.
സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ആണ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചിയിലെ മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗത്തിനാണ് അന്വേഷണച്ചുമതല. ഇറ്റാലിയന്‍ കപ്പലില്‍ നിന്നും നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതിനുപിന്നാലെയാണ് വീണ്ടും മറ്റൊരു കപ്പല്‍ ദുരന്തം കൂടിയുണ്ടായത്.