കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാബോട്ട് മറിഞ്ഞ് നിരവധിപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേര്‍ മരിച്ചു. അഴീക്കോടുള്ള സൈനബ, അമരാവതി സ്വദേശി വോള്‍ഗ ജോസഫ് , മട്ടാഞ്ചേരി പുതിയ റോഡ് സുധീഷ്, കാളമുക്ക് സ്വദേശി അയ്യപ്പന്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേങ്ങള്‍ ഫോര്‍ട്ടുകൊച്ചി ജനറല്‍ ആശുപത്രിയിലും ഒരാളുടെ മൃതദേഹം ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്
ഫോര്‍ട്ട് കൊച്ചിയിലെ കമാലക്കടവ് കപ്പല്‍ച്ചാലിലാണ് അപകടമുണ്ടായത്. ജെട്ടിയിലെ കൗണ്ടറില്‍ നിന്നും 25 പേരാണ് ടിക്കറ്റ് എടുത്തതെങ്കിലും അപകടസമയത്ത് 40ഓളംയാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും വൈപ്പിനിലേക്ക് പോവുകയായിരുന്ന യാത്രാബോട്ടാണ് അപകടത്തില്‍ പെട്ടത്.
ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും ഡീസല്‍ നിറച്ച് പേവുകയായിരുന്ന മത്സ്യബന്ധനബോട്ട് യാത്രാബോട്ടിന്റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തടി കൊണ്ടുള്ള യാത്രാ ബോട്ടിന്റെ പലകള്‍ പൊളിച്ച് ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലായവര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലാണ്.
ഉച്ചയ്ക്ക് 1.50 ഓടെയാണ് അപകടത്തില്‍പെട്ടത്. തലകീഴായി മറിഞ്ഞ ബോട്ട് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.