| Wednesday, 5th September 2018, 5:29 pm

ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി രണ്ട് മരണം: 28 പേരെ കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഗുവാഹത്തിക്കു സമീപം ബ്രഹ്മപുത്രയില്‍ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു. 28 പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

അസം ഇന്‍ലന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റിന്റെ അനുമതിയോടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ യാത്രാബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതിലധികം യാത്രക്കാരുമായി പോയ ബോട്ടാണ് നദിയില്‍ മുങ്ങിയത്.

ബോട്ടിനുള്ളില്‍ പത്തോളം ഇരുചക്ര വാഹനങ്ങളുമുണ്ടായിരുന്നു. തീരത്തിന് 200 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിത്താഴ്ന്നതെന്നാണ് വിവരം. യാത്രക്കാരില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടു യാത്രികരിലേറെയും വിദ്യാര്‍ഥികളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


നദിയില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപകടം. ഇതോടെ ബോട്ട് രണ്ടായി പിളര്‍ന്നു മുങ്ങുകയായിരുന്നു. 22 പേര്‍ക്ക് സഞ്ചരിക്കാനുള്ള ടിക്കട്ടാണ് ആസാം ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ അധികം ആളുകള്‍ ബോട്ടില്‍ കയറുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ 25 പേരുള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more