ബോസ്റ്റണ്‍ സ്‌ഫോടനം: സര്‍നേവിനെതിരെ കുറ്റം ചുമത്തി
World
ബോസ്റ്റണ്‍ സ്‌ഫോടനം: സര്‍നേവിനെതിരെ കുറ്റം ചുമത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2013, 12:50 am

വാഷിങ്ടണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ് ലൈനിന് സമീപമുണ്ടായ സ്‌ഫോടനക്കേസിലെ പ്രതി സോക്കര്‍ സര്‍നേവിനെതിരെ പൊലീസ് കുറ്റം ചുമത്തി.

സര്‍നേവിനെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ വധശിക്ഷ വരെ നല്‍നാകുമെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. []

വന്‍നാശം വരുത്താന്‍ കഴിയുന്ന ആയുധം കൈവശം വച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സ്വയം കഴുത്തിനു വെടിവച്ച സര്‍നേവിന് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചോദ്യങ്ങള്‍ക്ക് എഴുതിയാണ് മറുപടി നല്‍കുന്നത്. സോക്കര്‍ സര്‍നേവും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സഹോദരന്‍ തമര്‍ലാന്‍ സര്‍നേവും (26) മാത്രം ചേര്‍ന്ന് നടത്തിയതാണ് സ്‌ഫോടനമെന്നു പൊലീസ് കരുതുന്നു.

സോക്കര്‍ സുഖം പ്രാപിച്ചാലുടന്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.

കേസിലെ അന്വേഷണം നടന്നുവരികയാണ്. ബോസ്റ്റണിലെ ദുരന്ത ആഴ്ചയ്ക്ക് വിരാമമിടാന്‍ ഈ കോടതിവിധി കൊണ്ടു കഴിയുമെന്ന് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു.

ചെച്‌നിയയുടെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റഷ്യന്‍ പ്രവിശ്യയായ ഡാഗെസ്ഥാന്‍ സ്വദേശികളാണിവര്‍. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.