ഡെറാഡൂണ്‍: അഹിന്ദുക്കളെ തടയുമെന്നെഴുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡ് ഡി.ജി.പിയെ കണ്ട് മുസ്‌ലിം പ്രതിനിധികള്‍. എ.ഐ.എം.ഐ.എ നേതാക്കളാണ് ഇക്കാര്യം ഉന്നയിച്ച് ഡി.ജി.പി അഭിനവ് കുമാറിനെ കണ്ടത്.
ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ ഡി.ജി.പിയെ കണ്ടത്. സമീപ കാലങ്ങളില്‍ ഉത്തരാഖണ്ഡ് സാക്ഷിയാവുന്ന പലസംഭവങ്ങളും പരസ്പര സൗഹാര്‍ദത്തെ ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു.
‘ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പലസംഭവങ്ങളും ഉണ്ടാവുന്നുണ്ട്. ഇതില്‍ പലതും മാനവികതയ്ക്കും പരസ്പരമുള്ള സൗഹൃദത്തിനും പ്രതിച്ഛായക്കും ഹാനികരമാണ്. ഇക്കാര്യങ്ങള്‍ ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്,’ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്‌ലിമീന്‍ സംസ്ഥാന പ്രസിഡന്റ് നയ്യാര്‍ കാസ്മി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ചമോലി ജില്ലയിലെ നന്ദ്ഘട്ടില്‍ തീവ്രവാദഗ്രൂപ്പുകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ മുസ്‌ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തതായി ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. മുസ്‌ലിം യുവാവ് ചമോലിയിലെ പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് ജനരോഷം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് 300 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ ഈ സംഭവത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഹിന്ദുക്കളായ വിഭാഗം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും കാസ്മി പറയുന്നു.
ക്രമസമാധാനവും പരസ്പര ബന്ധങ്ങവും തകര്‍ന്ന നിലയിലാണ് ഉത്തരാഖണ്ഡിന്റെ പല പ്രദേശങ്ങളിലെയും ജനങ്ങളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടയില്‍ സ്ഥലത്തെ പല കുടുംബങ്ങളും പലായനം ചെയ്തതായും കാസ്മി പറയുന്നുണ്ട്.
ഈ കുടുംബങ്ങള്‍ തിരിച്ച് നന്ദ്ഘട്ടിലേക്ക് വരാന്‍ വിസമ്മതിക്കുന്നുവെന്നും അവിടെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ഇതിലൂടെ പുനരധിവാസം സാധ്യമാക്കണമെന്നും ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാസ്മി പറഞ്ഞു.
Content Highlight: boards to stop non-hindus; representatives of muslim organisations met the uttarakhand dgp