|

'കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാകില്ല'; പി.വി. അന്‍വറിനെ അനുകൂലിച്ച് വീടിന് മുന്നില്‍ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: എം.എല്‍.എ പി.വി. അന്‍വറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ബോര്‍ഡ്. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.

അന്‍വറിന്റെ ഒതായിയിലെ വീടിന് മുന്നിലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. പി.വി. അന്‍വറിനെ വിപ്ലവ സൂര്യന്‍ എന്ന് വിശേഷിച്ചാണ് ബോര്‍ഡിലെ വാചകങ്ങള്‍. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാകില്ലെന്നും ബോര്‍ഡില്‍ പറയുന്നു.

‘ഇരുള്‍ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്…,ജനലക്ഷങ്ങളുടെ പ്രതീക്ഷകള്‍ക്ക് പൊന്‍കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും ജ്വലിച്ചുയര്‍ന്ന പി.വി. അന്‍വറിന് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍,’ എന്നും ബോര്‍ഡില്‍ വാചകത്തിലുണ്ട്.

അതേസമയം അന്‍വറിന്റെ ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നുവെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു. മുസ്‌ലിങ്ങളെ സി.പി.ഐ.എമ്മില്‍ നിന്ന് അകറ്റാനാണ് അന്‍വര്‍ ശ്രമിക്കുന്നത്. അന്‍വര്‍ ഇപ്പോള്‍ തീവ്രവര്‍ഗീയ കക്ഷികളുടെ തടവറയിലാണെന്നും ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു.

അന്‍വറിന്റെ ആദ്യ അഞ്ച് കൊല്ലം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞിരുന്നു. നേരത്തെ ഇടതുപക്ഷപ്രസ്ഥാനം സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് അകന്നുപോയെന്നും താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പി.വി.അന്‍വര്‍ വിമര്‍ശിച്ചിരുന്നു. പി.വി. അന്‍വറുമായി ഇനി ഒരു ബന്ധവുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

തുടര്‍ന്ന് ഇനി ഒരു പരിഗണനയും നല്‍കുന്നില്ലെന്നും തീപ്പന്തം പോലെ ഇനി താന്‍ കത്തുമെന്നും പി.വി. അന്‍വര്‍ പ്രതികരിച്ചിരുന്നു. കൂടെനില്‍ക്കാന്‍ ആളുണ്ടെങ്കില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്ന് പറഞ്ഞഅന്‍വര്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുമെന്നുംപ്രഖ്യാപിച്ചിരുന്നു.

പി.വി. അന്‍വറിന്റെ നേതൃത്വത്തിലുള രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകീട്ട് 6.30ന്  അനുകൂല ഫ്ളക്സുകൾ ഉയരുന്നത്. നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Board in front of house in favor of P.V.Anvar