ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് മൂന്ന് വരെയായി ഇന്ത്യന്‍ വെറ്ററന്‍ പ്രീമിയര്‍ ലീഗ്, ഐ.വി.പി.എല്‍ (Indian Veteran Premier League, IVPL) സംഘടിപ്പിക്കാന്‍ ബോര്‍ഡ് ഓഫ് വെറ്ററന്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ, ബി.വി.സി.ഐ (Board of Veteran Cricket in India, BVCI). ലീഗിന്റെ ഉദ്ഘാടന സീസണിനാണ് കളമൊരുങ്ങുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലീഗ്. ഇതോടെ താരങ്ങള്‍ക്ക് കളത്തിലേക്ക് മടങ്ങിയെത്താനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്.
ഐ.പി.എല്ലിലെന്ന പോലെ വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് ഐ.വി.പി.എല്ലിലും പങ്കെടുക്കുന്നത്. ആറ് ടീമുകളാണ് ഉദ്ഘാടന സീസണില്‍ കളിക്കുക.
ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ നേതൃത്വത്തിലാണ് തെലങ്കാന ടൈഗേഴ്‌സ് കളത്തിലിറങ്ങുന്നത്. ഇന്ത്യ കണ്ട് എക്കാലത്തേയും മികച്ച ഓപ്പണറായ വിരേന്ദര്‍ സേവാഗ് മുംബൈ ചാമ്പ്യന്‍സിനെ നയിക്കുമ്പോള്‍ റെഡ് കാര്‍പെറ്റ് ദല്‍ഹിയെ നയിക്കുന്നത് ഹെര്‍ഷല്‍ ഗിബ്‌സാണ്.
വി.വി.ഐ.പി ഉത്തര്‍ പ്രദേശിന്റെ നായകനായി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ സുരേഷ് റെയ്‌നയാണ് എത്തുന്നത്. രാജസ്ഥാന്‍ ലെജന്‍ഡ്‌സും ഛത്തീസ്ഗഡ് വാറിയേഴ്‌സും ഇതുവരെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ചാമ്പ്യന്‍സ് തെലങ്കാന ടൈഗേഴ്‌സിനെ നേരിടും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് വീതം മത്സരങ്ങളാണ് ഉണ്ടാവുക. ആദ്യ മത്സരം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമ്പോള്‍ രണ്ടാം മത്സരം വൈകീട്ട് ഏഴിനും ആരംഭിക്കും.
പോയിന്റ് പട്ടികയിലെ ആദ്യ നാല് ടീമുകളാണ് സെമി ഫൈനലിന് യോഗ്യത നേടുക. മാര്‍ച്ച് രണ്ടിന് രണ്ട് സെമി ഫൈനലുകളും മൂന്നിന് കലാശപ്പോരാട്ടവും നടക്കും.
നേരത്തെ ഡെറാഡൂണില്‍ വെച്ചായിരുന്നു എല്ലാ മത്സരങ്ങളും തീരുമാനിക്കപ്പെട്ടത്. എന്നാല്‍ ശേഷം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലേക്ക് മാറ്റുകയായിരുന്നു.
യൂറോ സ്‌പോര്‍ട്ടിലും ഡി.ഡി സ്‌പോര്‍ട്‌സിലുമാണ് ലീഗിന്റെ സംപ്രേക്ഷമുണ്ടാവുക. ഇതിന് പുറമെ ഫാന്‍ കോഡ് ആപ്പിലൂടെ ഓണ്‍ലൈനായും മത്സരങ്ങള്‍ കാണാന്‍ സാധിക്കും.
Content highlight: Board for Veteran Cricket in India (BVCI) organizing the inaugural edition of the Indian Veterans Premier League (IVPL)