| Thursday, 29th March 2018, 8:47 pm

മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം കാണിക്കാനുള്ള ഉപകരണം കാറുകളില്‍ ഘടിപ്പിച്ചു; ബി.എം.ഡബ്ല്യുവിനെതിരെ അമേരിക്കയില്‍ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ജേഴ്‌സി: ജര്‍മ്മന്‍ ആഡംബര നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിനെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ്. മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം കാണിക്കാനുള്ള “ഡിഫീറ്റ് ഡിവൈസ്” എന്നറിയപ്പെടുന്ന ഉപകരണം ഘടിപ്പിച്ചതിനാണ് ന്യൂ ജേഴ്‌സിയിലെ കോടതിയില്‍ കേസ്. ഡീസല്‍ വാഹനങ്ങളിലെ മലിനീകരണ പരിശോധനയില്‍ കൃത്രിമം കാണിച്ച് മറികടക്കാനാണ് ഉപകരണം ഘടിപ്പിച്ചതെന്ന് പരാതിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു.

ന്യൂ ജേഴ്‌സിയിലെ ഫെഡറല്‍ കോടതിയിലാണ് കേസ്. ജഡ്ജിയുടെ അംഗീകാരം ലഭിച്ചാല്‍ പരാതി “ക്ലാസ്-ആക്ഷന്‍” വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. 2009-നും 2013-നും ഇടയില്‍ പുറത്തിറങ്ങിയ ബി.എം.ഡബ്ല്യു എക്‌സ് 5, 335 ഡി എന്നീ മോഡലുകളിലാണ് കൃത്രിമം കാണിച്ചത് എന്ന് പരാതിയില്‍ പറയുന്നു.

ബി.എം.ഡബ്ല്യു എക്‌സ് 5

അനുവദനീയമായ പരിധിയേക്കാള്‍ 27 മടങ്ങ് കൂടുതലാണ് കാറുകളിലെ മലിനീകരണം എന്ന് അറ്റോര്‍ണിമാര്‍ പറയുന്നു. ഇതിന്റെ അളവാണ് ഡിഫീറ്റ് ഡിവൈസും കൃത്രിമം കാണിക്കാനുള്ള സോഫ്റ്റ്‌വെയറും ഉപയോഗിച്ച് മറച്ചു വെച്ചത്. ബി.എം.ഡബ്ല്യു നേരത്തേ സത്യം പറഞ്ഞിരുന്നെങ്കില്‍ കമ്പനിയുടെ ഒരു കാര്‍ പോലും യു.എസ്സിലെ നിരത്തില്‍ ഇറങ്ങില്ലായിരുന്നുവെന്നും അവര്‍ പറയുന്നു.


Also Read: ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറഞ്ഞിട്ടില്ല; രോമം എഴുന്നേറ്റ് നിന്നെന്ന് പറയാറുണ്ട്, അത് ഞാനും അനുഭവിച്ചു; സുഡാനിയെ വാനോളം പുകഴ്ത്തി സുരാജ്


നേരത്തേ ജര്‍മ്മനിയില്‍ നിന്നു തന്നെയുള്ള കമ്പനിയായ ഫോക്‌സ്‌വാഗണിനെതിരെയും സമാനമായ കേസ് ഉണ്ടായിരുന്നു. ലോകമാകെ 1.1 കോടി കാറുകളിലാണ് ഫോക്‌സ്‌വാഗണ്‍ കൃത്രിമം കാണിച്ചത്. ഡീസല്‍ഗേറ്റ് സ്‌കാന്‍ഡല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

തങ്ങളുടെ കക്ഷികളുടെ പണം കമ്പനി മടക്കി നല്‍കണമെന്നാണ് അറ്റോര്‍ണിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.എം.ഡബ്ല്യു 335 ഡി

ഒരാഴ്ച മുന്‍പ് മ്യൂണിച്ചിലെ ബി.എംഡബ്ല്യു ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഓസ്ട്രിയയിലെ ഓഫീലും പരിശോധന ഉണ്ടായിരുന്നു. 11,000-ത്തിലേറെ കാറുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് എന്ന കാര്യത്തിലുള്ള പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന.


Don”t Miss: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; പത്തടി ഉയരത്തില്‍ പറന്നുയര്‍ന്ന് ബൊലറോ, വീഡിയോ


പരിശോധന നടന്ന കാര്യം ബി.എം.ഡബ്ലു സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായി പ്രോഗ്രാം ചെയ്ത സോഫ്റ്റ്‌വെയര്‍ തെറ്റായ കാര്‍ മോഡലുകളില്‍ അബദ്ധത്തില്‍ ഘടിപ്പിക്കുകയാണ് ഉണ്ടായത് എന്ന് ബി.എം.ഡബ്ലു വ്യക്തമാക്കി.

കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് വന്‍ തുകയാണ് അമേരിക്കയില്‍ ഫോക്‌സ്‌വാഗണ്‍ പിഴയായി നല്‍കിയത്. കുറ്റം തെളിയുകയാമെങ്കില്‍ ബി.എം.ഡബ്ല്യുവിനേയും കാത്തിരിക്കുന്നത് സമാനമായ നടപടിയായിരിക്കും.


Also Watch Video: അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ

We use cookies to give you the best possible experience. Learn more