ബി.എം.ഡബ്ല്യൂ 7 സീരിസ് 2016 ലെ ഏറ്റവും മികച്ച ആഡംബരക്കാറായി (World Luxury Car of the Year) തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ വെച്ചാണ് അത്യാഡംബരം കൊണ്ടും അതിനൂതന സാങ്കേതികത കൊണ്ടും ശ്രദ്ധ നേടിയ ഈ സെഡാനെ ഏറ്റവും മികച്ച ആഡംബരക്കാറായി പ്രഖ്യാപിച്ചത്.
ആഡംബരങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് 2016 ബി.എം.ഡബ്ല്യൂ 7 സീരിസ്. അത്യാഡംബര സൗകര്യങ്ങള്‍ക്കും ഫീച്ചറുകള്‍ക്കും ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. ഏറ്റവും മികച്ച കണക്ടിവിറ്റി ഫീച്ചറുകളാണ് മികച്ച ഡ്രൈവിങ് അനുഭവവും യാത്രാസുഖവും പ്രധാനം ചെയ്യുന്ന ഈ ആഡംബരസെഡാനില്‍ നല്‍കിയിരിക്കുന്നത്. മുന്‍ മോഡലുകളെ അപേക്ഷിച്ച് 130 കിലോ കുറവാണ് 2016 ബി.എം.ഡബ്ല്യൂ 7 സീരിസിന്റെ ഭാരം.
എം760 ഐ എക്‌സ് ഡ്രൈവ് ഫീച്ചറാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ബി.എം.ഡബ്ല്യൂവിന്റെ എം മോട്ടോര്‍ സ്‌പോര്‍ട്‌സ് നിര്‍മിക്കുന്ന കരുത്തുറ്റ വി12 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കരുത്തു പകരുന്നത്. അല്‍പം കരുത്തുകുറഞ്ഞ 750 ഐ വകഭേദത്തില്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ വി8 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ആറു സിലിണ്ടര് 740ഐ എന്‍ജിന്‍ വകഭേദവും ലഭ്യമാണ്. ഇതിനെല്ലാം പുറമെ 740ഇ എന്ന പ്ലഗ് ഇന്‍ ഹൈബ്രിഡ് വകഭേദവുമുണ്ട്.
ജെസ്ചര്‍ കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങും ഡിസ്‌പ്ലേ കീയും, ആക്ടിവ് കിഡ്‌നി ഗ്രില്‍ എന്നിവ ആദ്യമായി അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ച വാഹനമാണിതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. നല്‍കിയിരിക്കുന്ന 25 പുതിയ ഫീച്ചറുകളില്‍ 13 എണ്ണം ഈ സെഗ്മെന്റില്‍ തന്നെ ആദ്യമാണെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഭാരക്കുറവിനായി കാര്‍ബണ്‍ കോര്‍ ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു. സ്‌കൈ ലോഞ്ച് സണ്‍റൂഫ്, ലേസര്‍ ലൈറ്റുകള്‍ എന്നിവയും ഈ മോഡലിലുണ്ട്.