| Wednesday, 27th June 2018, 2:41 pm

ബി.എം.ഡബ്ല്യു ജി 310 ആര്‍, ജി 310 ജി.എസ് ബൈക്കുകള്‍ ജൂലൈ 18 മുതല്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.എം.ഡബ്ല്യു ജി 310 ആര്‍, ജി 310 ജി.എസ് ബൈക്കുകള്‍ ജൂലൈ 18ന് വില്‍പ്പനക്കെത്തും. ബി.എം.ഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡലുകളെ ബുക്ക് ചെയ്യാം.

50000 രൂപയാണ് ബുക്കിംഗ് തുക. മുംബൈ, അഹമ്മദാബാദ്, പൂനെ, ദില്ലി, കൊച്ചി, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ ബി.എം.ഡബ്ല്യു മോട്ടോറാഡ് കേന്ദ്രങ്ങളിലാണ് ബുക്കിംഗ് സൗകര്യമുള്ളത്.

എന്നാല്‍ ബൈക്കുകളുടെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മൂന്നുമുതല്‍ മൂന്നര ലക്ഷം വരെ വില പ്രതീക്ഷിക്കാം എന്നാണ് ഓട്ടോമൊബൈല്‍ വിദഗ്ദര്‍ പറയുന്നത്.


Also Read:  അമിഷ് ഷായ്‌ക്കൊപ്പം വേദി പങ്കിടാനില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് കൊല്‍ക്കത്തയിലെ പ്രമുഖര്‍


ഇന്ത്യയില്‍ ബി.എം.ഡബ്ല്യുവിന്റെ പ്രാരംഭ മോഡലുകളെന്ന വിശേഷണം പുതിയ ബൈക്കുകള്‍ കരസ്ഥമാക്കും. എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ശ്രേണിയിലേക്കാണ് ജി 310 ആര്‍, ജി 310 ജി.എസ് നെയ്ക്കഡ് ബൈക്കുകള്‍ അവതരിക്കുക.

നിലവില്‍ ഇരു ബൈക്കുകളും കമ്പനി ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡലുകള്‍ കയറ്റുമതി ചെയ്യാനാണെന്ന് മാത്രം. 2018 ഓട്ടോ എക്‌സ്‌പോയിലാണ് ജി 310 ആര്‍, ജി 310 ജി.എസ് ബൈക്കുകളെ അവതരിപ്പിച്ചത്.

ബി.എം.ഡബ്ല്യുവും ടി.വി.എസും സംയുക്തമായി വികസിപ്പിച്ച 313 സി.സി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് രണ്ടു മോഡലുകളിലും ഉപയോഗിക്കുക. ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കും നല്‍കും.

ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത എന്‍ജിന്‍ കാഴ്ചവെക്കുമെന്നാണ് വിവരം. അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിലും മോഡലുകളില്‍ പുതുമ നല്‍കും.


Also Read:  ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടെ വാശി; നേതൃത്വം കാണിച്ചത് മണ്ടത്തരമെന്ന് സംവിധായകന്‍ വിനയന്‍


300 എം.എം, 240 എം.എം ഡിസ്‌ക്കുകളാണ് മുന്‍-പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് ഒരുക്കുക. ഇരു ബൈക്കുകളും മണിക്കൂറില്‍ 144 കിലോമീറ്റര്‍ ഓടിയെത്തും.

ബ്ലാക്, വൈറ്റ്, മെറ്റാലിക് ബ്ലൂ, വൈറ്റ് ബേസ് നിറങ്ങളിലാണ് ബൈക്കുകള്‍ ലഭ്യമാകുക. കെ.ടി.എം 390 ഡ്യൂക്ക്, ടി.വി.എസ് അപാച്ചെ ആര്‍.ആര്‍ 310, യമഹ ആര്‍ 3 എന്നിവരാണ് ബി.എം.ഡബ്ല്യു മോഡലുകളുടെ പ്രധാന എതിരാളികള്‍.

We use cookies to give you the best possible experience. Learn more