വിലക്കുറവിന്റെ പകിട്ടുമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ബി.എം.ഡബ്ല്യു ബൈക്ക്
Big Buy
വിലക്കുറവിന്റെ പകിട്ടുമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ബി.എം.ഡബ്ല്യു ബൈക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2016, 11:35 pm

bmw

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ലു അവതരിപ്പിക്കുന്ന ചെറിയ ബൈക്ക് ജി 310 ആറിന്റെ വില പ്രഖ്യാപിച്ചു. 4290 യൂറോ (ഏകദേശം 3.88 ലക്ഷം രൂപ) വിലയുള്ള ബൈക്കിന് പ്രധാന എതിരാളികളെ അപേക്ഷിച്ചു വില കുറവാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുന്ന ബൈക്ക്, രണ്ടു ലക്ഷത്തിനടുത്ത വിലയില്‍ ഇന്ത്യയില്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.  മ്യൂനിച്ചില്‍ രൂപകല്‍പ്പന നിര്‍വഹിച്ച 300 സി.സി ബൈക്ക് നിര്‍മിക്കുന്നത് ബംഗളുരുവിലെ ടി.വി.എസ് മോട്ടോര്‍ കമ്പനി ശാലയിലാണ്.

bmw  g310 r

യൂറോപ്പിനു പുറത്ത് ബി.എം.ഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കാണിത്. കൂടാതെ  1948ല്‍ പുറത്തുവന്ന ആര്‍ 24നു ശേഷം ശേഷി കുറഞ്ഞ എന്‍ജിനുമായി വിപണിയിലെത്തുന്ന ബി.എം.ഡബ്ല്യു മോഡലുമാണ് ജി 310 ആര്‍. മികച്ച രൂപകല്‍പ്പനയുടെ പിന്‍ബലത്തോടെയാണു ബൈക്കിന്റെ വരവ്. എസ് 1000 ആര്‍, ആര്‍ 1200 ആര്‍ എന്നിവയുമായി ശക്തമായ ബന്ധം നിലനിര്‍ത്തിയാണു കമ്പനി ജി 310 ആര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.

bmw  g310 r

ഇരട്ട ഓവര്‍ഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവല്‍ ഇന്‍ജക്ഷന്റെയും പിന്‍ബലത്തോടെയാണു ബൈക്കിലെ 313 സി.സി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്റെ വരവ്. പോരെങ്കില്‍ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് ഈ എന്‍ജിന്റെ ഘടന. 9,500 ആര്‍.പി.എമ്മില്‍ 34 ബി.എച്ച്.പി വരെ കരുത്തും 7,500 ആര്‍.പി.എമ്മില്‍ 28 എന്‍.എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

bmw  g310 rr

പ്രതിവര്‍ഷം രണ്ടു ലക്ഷം ബൈക്ക് വില്‍ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ജി 310 ആര്‍ നിര്‍ണായക സംഭാവന നല്‍കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ കെ ടി എം ഡ്യൂക്ക് 390, കാവസാക്കി സെഡ് 250 എന്നിവയാകും ജി 310 ആറിന്റെ മുഖ്യ എതിരാളികള്‍.